ദുബൈ: യാത്രാ-ടൂറിസം മേഖലയിൽ ലോകത്തിന്‍റെ ശ്രദ്ധാ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന യു.എ.ഇയിലേക്ക് എത്തിച്ചേരുന്ന സഞ്ചാരികൾക്ക് വേണ്ടി പുതിയ സംവിധാനങ്ങളൊരുക്കി യു.എ.ഇയിലെ വിമാനക്കമ്പനികൾ. ദുബൈ ആസ്ഥാനമായ എമിറേറ്റ്സും അബൂദബി ആസ്ഥാനമായ ഇത്തിഹാദുമാണ് ഏറ്റവും പുതിയ സൗകര്യങ്ങളൊരുക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. രാജ്യത്തെ ടൂറിസം മേഖലയെ പ്രാൽസാഹിപ്പിക്കുന്നതിന് വിവിധ മേഖലകളിൽ സഹകരിക്കുന്നതിന് എമിറേറ്റ്സും ഇത്തിഹാദും ധാരാണപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. യു.എ.ഇ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് കൂടുതൽ പ്രദേശങ്ങളിലെത്താൻ അവസരമൊരുക്കുന്നതാണ് കരാർ. ദുബൈയിൽ ഇറങ്ങിയ യാത്രക്കാരന് അബൂദബി വഴി മടങ്ങാനും, അബൂദബിയിൽ ഇറങ്ങിയയാൾക്ക് ദുബൈ വഴി മടങ്ങാനും ഒറ്റ ടിക്കറ്റിൽ സാധ്യമാകുന്ന സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. ഇതുവഴി ഒരു യാത്രയിൽ തന്നെ രണ്ട് പ്രദേശങ്ങളും സമയനഷ്ടമില്ലാതെ സഞ്ചരിക്കാൻ അവസരമൊരുങ്ങും. ഇതുവഴി വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ആദ്യമായാണ് ഇത്തരമൊരു ധാരണ ഇരു വിമാനക്കമ്പനികളും ഒപ്പുവെക്കുന്നത്.
എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ ബോർഡിങ് പാസുകൾ പേപ്പർ രഹിതമാക്കുന്നതിനും ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ ചെക്ക് ഇൻ ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ മൊബൈൽ ബോർഡിംഗ് പാസ് മേയ് 15മുതൽ നൽകിത്തുടങ്ങും. ഇ-മെയിലിലോ എസ്.എം.എസ് വഴിയോ ആണ് ബോർഡിങ് പാസ് നൽകുക. ഓൺലൈനായി ചെക്ക് ഇൻ ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ ആപ്പിൾ വാലറ്റിലേക്കോ ഗൂഗിൾ വാലറ്റിലേക്കോ ബോർഡിങ് പാസ് ലോഡുചെയ്യാനാകും. അല്ലെങ്കിൽ എമിറേറ്റ്സ് ആപ്പിൽ ബോർഡിങ് പാസ് ലഭ്യവുമായിരിക്കും.
അതിനിടെ അടുത്ത പത്തുവർഷത്തിനകം കാർഗോ ശേഷി ഇരട്ടിയാക്കുമെന്ന് എമിറേറ്റ്സ് വിമാനക്കമ്പനിയുടെ കാർഗോ വിഭാഗമായ എമിറേറ്റ്സ് സ്കൈ കാർഗോ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി 2 ബോയിങ് 747-400 എഫ് വിമാനങ്ങൾ പുതുതായി ചേർക്കുകയും പുതുതായി 20 പ്രദേശങ്ങളിലേക്ക് കൂടി കാർഗോ സർവീസുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടുതൽ കാർഗോ ഉൾകൊള്ളാൻ സാധിക്കുന്ന നിരവധി വിമാനങ്ങളാണ് പുതുതായി അടുത്ത വർഷങ്ങളിൽ ചേർക്കാൻ ലക്ഷ്യമിടുന്നത്. വിദേശ വ്യാപാരം ഇരട്ടിയാക്കാനുള്ള ദുബൈയുടെ പദ്ധതികളും ഗൾഫ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വിപണികളിൽ നടക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങളുടെ സാധ്യതയും പരിഗണിച്ചാണ് എമിറേറ്റ്സ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ നടപടികളെല്ലാം രാജ്യത്തെ ബിസിനസിനും വിനോദ സഞ്ചാരത്തിനും കരുത്തുപകരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.