ദുബൈ: പൂർണമായും ഡിജിറ്റൽ സേവനങ്ങളിലൂടെ ജനന സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ലഭിക്കുന്ന സംവിധാനമൊരുക്കി ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ). സൗകര്യപ്രദമായ രീതിയിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും സ്മാർട്ട് സേവനങ്ങൾ വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പുതിയ രീതിയിൽ ഉപഭോക്തൃ സേവനകേന്ദ്രം സന്ദർശിക്കാതെതന്നെ അറബി, ഇംഗ്ലീഷ്, ഉർദു എന്നീ മൂന്നു ഭാഷകളിൽ സർട്ടിഫിക്കറ്റ് ലഭിക്കും. ദുബൈയിലെ ആശുപത്രികൾ ജനനവിവരം ആവശ്യമായ രേഖകൾ സഹിതം ഇ-സേവന സംവിധാനത്തിൽ സമർപ്പിക്കുന്നതോടെയാണ് സർട്ടിഫിക്കറ്റിനുള്ള പ്രക്രിയ ആരംഭിക്കുന്നത്. പിന്നീട് രക്ഷിതാക്കൾക്ക് ഡി.എച്ച്.എ വെബ്സൈറ്റ് വഴി അപേക്ഷ പൂർത്തീകരിക്കാം. അതോടൊപ്പം ആവശ്യമായ കോപ്പികളുടെ എണ്ണം തെരഞ്ഞെടുക്കാനും ഇലക്ട്രോണിക്കായി തന്നെ പേമെൻറ് നടത്താനുമുള്ള സൗകര്യവുമുണ്ടാകും.
ക്രെഡിറ്റ് കാർഡുകളും ബാങ്ക് ട്രാൻസ്ഫർ സേവനവും പേമെന്റിനായി ഉപയോഗപ്പെടുത്താം. ജനന സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഡി.എച്ച്.എയുടെ 800 എന്ന ടോൾ ഫ്രീ നമ്പർ സൗകര്യവുമൊരുക്കിയിട്ടുണ്ട്.
സർട്ടിഫിക്കറ്റ് ഒരു പ്രവൃത്തി ദിവസത്തിനകം ഇ-മെയിൽ വഴിയോ മെബൈൽ ഫോൺ വഴിയോ അനുവദിച്ചുകിട്ടും. കൊറിയർ വഴി ഒരു പ്രിന്റ് കോപ്പിക്ക് അപേക്ഷിക്കാനും സൗകര്യമുണ്ട്. അസാധാരണ സന്ദർഭങ്ങളിൽ ഡി.എച്ച്.എയുടെ ഉപഭോക്തൃ സേവനകേന്ദ്രങ്ങളിൽ നേരിട്ടുള്ള സേവനവും ലഭ്യമാണ്.
ജനന സർട്ടിഫിക്കറ്ററുകൾ നഷ്ടപ്പെട്ട കേസുകളിൽ പുതിയത് ലഭിക്കാനും സേവനം ഉപയോഗപ്പെടുത്താം. ഇതിനു നേരത്തേയുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പോ അല്ലെങ്കിൽ നഷ്ടപ്പെട്ടതായ പൊലീസ് റിപ്പോർട്ടോ സമർപ്പിക്കണം. ഏറ്റവും വേഗത്തിലും കാര്യക്ഷമതയോടെയും മികച്ച രീതിയിലും സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഡി.എച്ച്.എയുടെ പ്രതിബദ്ധതയാണ് പുതിയ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് അതോറിറ്റി ഡയറക്ടർ ജനറലിന്റെ ഉപദേശകൻ ഡോ. റമദാൻ അൽ ബലൂഷി പറഞ്ഞു.
താമസക്കാരുടെ സമയവും അധ്വാനവും കുറക്കുന്നതാണ് പുതിയ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.