എക്സിബിഷൻ സെന്റർ വികസിപ്പിക്കാനുള്ള മാസ്റ്റർപ്ലാൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ
മക്തൂമിന് ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകുന്നു
ദുബൈ: ലോകോത്തര ഇവന്റുകളുടെ കേന്ദ്രമായി അറിയപ്പെടുന്ന ദുബൈ എക്സ്പോ സിറ്റിയിലെ എക്സിബിഷൻ സെന്റർ വിപുലീകരിക്കുന്നതിനുള്ള 1000 കോടി ദിർഹത്തിന്റെ മാസ്റ്റർപ്ലാൻ അംഗീകരിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. നിലവിൽ 58,000 ചതുരശ്ര മീറ്ററാണ് എക്സിബിഷൻ കേന്ദ്രത്തിന്റെ വിസ്തീർണം.
ഇത് 180,000 ചതുരശ്ര മീറ്ററായി വികസിപ്പിക്കാനാണ് പദ്ധതി. കൂടാതെ എക്സിബിഷൻ സെന്ററിൽ നടക്കുന്ന വാർഷിക പരിപാടികളുടെ എണ്ണം 300ൽനിന്ന് 600 ആയി ഉയർത്തുകയും ചെയ്യും. വിപുലീകരണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ 2031ഓടെ മേഖലയിലെ ഏറ്റവും വലിയ ഇൻഡോർ എക്സിബിഷൻ കേന്ദ്രമായി എക്സ്പോ സിറ്റി എക്സിബിഷൻ സെന്ററിനെ മാറ്റുകയാണ് ലക്ഷ്യം.
വികസനപദ്ധതിയിലൂടെ കേന്ദ്രത്തിലെ മൊത്തം കെട്ടിടങ്ങളുടെ വ്യാപ്തി 10 ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതലാകും. പുറത്തുള്ള എക്സിബിഷൻ പ്ലാസയുടെ വിസ്തൃതി 22,000 ചതുരശ്ര മീറ്ററും ചെറുകിട, എഫ്.ആൻഡ് ബി ഇടങ്ങളുടെ വിസ്തൃതി 7,000 ചതുരശ്ര മീറ്ററും ഓഫിസുകളുടെ വിസ്തീർണം 8,000 ചതുരശ്ര മീറ്ററും ആയിരിക്കും.
സെന്ററിന്റെ നീളം 1.2 കിലോമീറ്ററായി മാറും. കൂടാതെ പ്രതിദിനം 65,000 സന്ദർശകരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും. 5,000ത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന മൾട്ടി സ്റ്റോറേജ് പാർക്കിങ് ഏരിയയിൽനിന്ന് വേദിയിലേക്ക് നേരിട്ടുള്ള പ്രവേശനം സാധ്യമാകും. 35,000 ചതുരശ്ര മീറ്ററിലായി 300 പഞ്ചനക്ഷത്ര ഹോട്ടലുകളും സെന്ററിലുണ്ടാകും.
2033 ഓടെ എക്സിബിഷൻ കേന്ദ്രത്തിൽനിന്നുള്ള വരുമാനം 1800 കോടി ദിർഹത്തിൽനിന്ന് 5400 കോടി ദിർഹമായി ഉയരുമെന്നാണ് പ്രതീക്ഷ. ദുബൈ അർബൻ പ്ലാൻ 2024, ദുബൈ ഇക്കണോമിക് അജണ്ട (ഡി33) എന്നിവയോട് ചേർന്നു നിൽക്കുന്നതാണ് പുതിയ വികസനപദ്ധതിയെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.