ദുബൈ: മയക്കുമരുന്ന് ഗുളിക വിൽപന നടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ദുബൈ കോടതി. ഇറാനിൽനിന്ന് ചരക്ക് കപ്പലിൽ ദുബൈ റാശിദ് തുറമുഖത്തെത്തിയ പ്രതി നിരോധിത ഗണത്തിലുള്ള മെതഡോൺ ഗുളികകൾ വിൽക്കാൻ ശ്രമിക്കവെ മയക്കുമരുന്ന് വിരുദ്ധസേനയുടെ പിടിയിലാവുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 17നാണ് സംഭവം നടന്നത്. രഹസ്യ വിവരത്തെത്തുടർന്ന് ദുബൈയിലെ മയക്കുമരുന്ന് വിരുദ്ധ ഉദ്യോഗസ്ഥർ പ്രതിക്കായി വല വിരിക്കുകയായിരുന്നു.
മയക്കുമരുന്ന് ആവശ്യക്കാരെന്ന വ്യാജേന പ്രതിയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് 4,500 ദിർഹമിന് മെതഡോൺ ഗുളികകൾ നൽകാമെന്ന് പ്രതി സമ്മതിച്ചു. റാശിദ് തുറമുഖത്തെത്തിയാൽ മയക്കുമരുന്ന് ഗുളികകൾ നൽകാമെന്നായിരുന്നു ധാരണ. ഇതുപ്രകാരം ഉദ്യോഗസ്ഥർ റാശിദ് തുറമുഖത്ത് എത്തുകയായിരുന്നു.
ഇടപാടുകാരെ കണ്ടതോടെ ചരക്കു കപ്പലിൽനിന്ന് ഇറക്കി വന്ന പ്രതി കറുത്ത രണ്ട് പ്ലാസ്റ്റിക് ബാഗിലായി 1,035 മെതഡോൺ ഗുളികകൾ ഉദ്യോഗസ്ഥരുടെ വാഹനത്തിൽവെച്ച് കൈമാറി. ഈ സമയം സമീപത്ത് മറഞ്ഞിരുന്ന ഉദ്യോഗസ്ഥർക്ക് സൂചന ലഭിക്കുകയും ഇവർ ദ്രുതഗതിയിൽ ഇടപെടുകയും ചെയ്യുകയായിരുന്നു. അതോടെ പ്രതി പണം ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥ തടയുകയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.