ദുബൈ: ആഗോള ഷോപ്പിങ് ഹബായ ദുബൈയിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ വഞ്ചിക്കപ്പെടുമെന്ന ഭയം ഇനി വേണ്ട. പകർപ്പുകളും വ്യാജ ഉൽപന്നങ്ങളുമല്ലെന്ന് ഉറപ്പുവരുത്താൻ പ്രത്യേക മൊബൈൽ ആപ് സജ്ജമായി.മൊണ്ടാജി എന്ന പേരിലുള്ള ആപ്പാണ് ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ തയാറാക്കിയത്. ഉൽപന്നങ്ങളുടെ ബാർകോഡ് തിരിച്ചറിഞ്ഞാണ് ആപ് ആധികാരികത വ്യക്തമാക്കുന്നത്.
ഇത്തരത്തിൽ 2.5 ലക്ഷത്തോളം ഉൽപന്നങ്ങളാണ് മൊണ്ടാജി ആപ് വഴി തിരിച്ചറിയാൻ കഴിയുന്നത്. ഉപഭോക്താക്കൾക്ക് പ്ലേസ്റ്റോറിൽനിന്ന് മൊണ്ടാജി എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.ഉൽപന്നങ്ങളുടെ ആധികാരികത കണ്ടെത്താനും രജിസ്റ്റർ ചെയ്‌തതും യഥാർഥവുമാണെന്ന് അറിയാനും ഇത് സഹായിക്കുമെന്നാണ് മുനിസിപ്പാലിറ്റി ഉറപ്പുനൽകുന്നത്.
മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് യഥാർഥമാണെന്നും ഉറപ്പാക്കാൻ ഷോപ്പർമാർക്ക് ബാർകോഡ് അല്ലെങ്കിൽ പേര് ഉപയോഗിച്ച് തിരയാൻ കഴിയും. രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയാൽ ആപ്ലിക്കേഷൻ വഴി മുനിസിപ്പാലിറ്റിയെ അറിയിക്കാം.
സുഗന്ധദ്രവ്യങ്ങൾ, ഡിറ്റർജൻറുകൾ, അണുനാശിനികൾ, ആരോഗ്യ സപ്ലിമെൻറുകൾ, സൗന്ദര്യവർധക വസ്തുക്കൾ, പേഴ്‌സനൽ കെയർ ഉൽപന്നങ്ങൾ, ഫ്ലാസ്‌ക്കുകൾ എന്നിവയുടെ ആധികാരികത ഇൗ ആപ് വഴി ഉറപ്പാക്കാം. ഉപഭോക്താവിന് ഉൽപന്നങ്ങളുടെ നില പരിശോധിക്കാനും രജിസ്റ്റർ ചെയ്യാത്തവ കണ്ടെത്തുകയാണെങ്കിൽ തുടർനടപടികൾക്കായി ദുബൈ മുനിസിപ്പാലിറ്റിയിൽ റിപ്പോർട്ട് ചെയ്യാമെന്നും ദുബൈ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ- സുരക്ഷ വകുപ്പ് ഡയറക്ടർ ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.