ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ സഅബീൽ ഡിസ്ട്രിക്ടിൽ നിർമിക്കുന്ന
ഡിജിറ്റൽ ആർട്ട് മ്യൂസിയത്തിന്‍റെ രൂപരേഖ
ദുബൈ: എമിറേറ്റിന്‍റെ സാംസ്കാരിക മേഖലയിൽ സന്ദർശകർക്കായി പുതിയൊരു വിസ്മയം കൂടി മിഴി തുറക്കുന്നു. ഡിജിറ്റൽ കലകളും പുത്തൻ സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതിനായി ഡി.ഐ.എഫ്.സി സഅബീൽ ഡിസ്ട്രിക്ടിൽ ഡിജിറ്റൽ ആർട്ട് മ്യൂസിയം തുറക്കുന്നു. ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബൈ കൾച്ചർ) ചെയർപേഴ്സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മ്യൂസിയത്തിന്‍റെ ലോഞ്ചിങ് നിർവഹിച്ചു.
ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ ഗവർണർ ഇസാ കാസിമും ചടങ്ങിൽ പങ്കെടുത്തു. ദുബൈ കൾച്ചറിനാണ് മ്യൂസിയത്തിന്‍റെ നിർമാണ, നടത്തിപ്പ് ചുമതല. അതിവേഗം വളരുന്ന ദുബൈയിലെ പുരാവസ്തു മേഖലയേയും സാംസ്കാരിക അന്തരീക്ഷത്തേയും ശക്തിപ്പെടുത്തുന്നതിൽ ഡിജിറ്റൽ ആർട്ട് മ്യൂസിയത്തിന് സുപ്രധാനമായ പങ്കുണ്ടെന്ന് ശൈഖ് ലത്തീഫ പറഞ്ഞു. മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു മ്യൂസിയം തുറക്കുന്നത്. ആർട്ട് ദുബൈയുടെ 20ാമത് എഡിഷൻ അടയാളപ്പെടുത്തുന്ന സന്ദർഭത്തിൽ തന്നെയാണ് ഡിജിറ്റൽ ആർട്ട് മ്യൂസിയം പ്രഖ്യാപനമെന്നതും യാദൃശ്ചികമായി.
സംസ്കാരത്തിനും സർഗാത്മകതക്കും വേണ്ടിയുള്ള ആഗോള കേന്ദ്രമെന്ന ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള എമിറേറ്റിന്‍റെ വിശാലമായ നയത്തിന്‍റെ ഭാഗമാണ് പുതിയ മ്യൂസിയമെന്നും അവർ കൂട്ടിച്ചേർത്തു. കലയുടെ പരമ്പരാഗത ആശയങ്ങൾക്കപ്പുറത്ത് എമിറേറ്റിന്‍റെ അറിവിന്‍റെയും നവീകരണത്തിന്‍റെയും പാരമ്പര്യം അടയാളപ്പെടുത്തുന്ന വിത്യസ്തമായ അനുഭവം സമ്മാനിക്കുന്നതാവും മ്യൂസിയത്തിലെ കാഴ്ചകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.