ഡോ. ജോയ് ആലുക്കാസിന്റെ എഴുപതാം ജന്മദിനാഘോഷവേളയിൽ 100 കോടി
രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
സന്നദ്ധ സേവനത്തിന് 100 കോടി രൂപ പ്രഖ്യാപിച്ച് ഡോ. ജോയ് ആലുക്കാസ്
കൊച്ചി: ജോയ് ആലുക്കാസ് സ്ഥാപകനും ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ചെയർമാനുമായ ഡോ. ജോയ് ആലുക്കാസിന്റെ എഴുപതാം ജന്മദിനാഘോഷവേളയിൽ 100 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.
നിർധനരും നിരാലംബരുമായ ജനവിഭാഗങ്ങൾക്കിടയിൽ സന്നദ്ധ സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കാനും അടിസ്ഥാനസൗകര്യ വികസനത്തിനും സാമ്പത്തിക സഹായത്തിനുമായാണ് 100 കോടി രൂപ വിനിയോഗിക്കുക. ഭവന നിർമാണം, പെൺകുട്ടികളുടെ വിദ്യാഭ്യാസം, വയോജനക്ഷേമം, ചികിത്സ, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതികൾ പൂർണമായും അർഹരിലേക്ക് എത്തുന്നതിന് സുതാര്യവും നീതിയുക്തവുമായ സംവിധാനം ഏർപ്പെടുത്തും. കമ്പനിയുടെ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങൾ താഴേക്കിടയിലെ ജനവിഭാഗങ്ങൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിക്കുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മാതൃകാപരമായ സംഭാവന നൽകുകയാണ് ജോയ് ആലുക്കാസ് ലക്ഷ്യമിടുന്നതെന്ന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. രാജ്യമൊട്ടാകെ ഈ മേഖലയിൽ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കാൻ ജോയ് ആലുക്കാസിന് കഴിഞ്ഞു. വരും വർഷങ്ങളിൽ വിപുലമായ പദ്ധതികളാണ് പാവപ്പെട്ടവർക്കായി നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളം ജോയ് ആലുക്കാസ് ഗ്രൂപ്പ് നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തിക പിന്തുണ, ഹൃദ്രോഗികൾക്ക് സൗജന്യ പേസ്മേക്കറുകൾ, മറ്റു മെഡിക്കൽ സഹായങ്ങൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി 550ലധികം വീടുകളും നിരവധി വിദ്യാർഥികൾക്ക് ‘ജോയ് ഓഫ് ഹോപ്പ്’ സ്കോളർഷിപ്പുകളും നൽകി. സംസ്ഥാനം അഭിമുഖീകരിച്ച പ്രളയം, കോവിഡ് മഹാമാരി, ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ സഹായമെത്തിക്കാനും ജോയ് ആലുക്കാസിന് കഴിഞ്ഞിട്ടുണ്ട്
കൊച്ചിയിൽ നടന്ന ജന്മദിനാഘോഷത്തിൽ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബൻ, നാദിർഷ, ആന്റണി പെരുമ്പാവൂർ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, വ്യവസായ പ്രമുഖരായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ഗോകുലം ഗോപാലൻ, ടി.എസ്. പട്ടാഭിരാമൻ, നവാസ് മീരാൻ, മന്ത്രി മോൻസ് ജോസഫ്, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ഉമാ തോമസ്, ടി.ജെ. വിനോദ്, രാജൻ പല്ലൻ, കൊച്ചി മേയർ വി.കെ. മിനിമോൾ, തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ തുടങ്ങി സിനിമ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വ്യവസായ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.