ദുബൈ: ഖത്തർ ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സ്വകാര്യ ജെറ്റ് കമ്പനികൾക്കും വൻ ബുക്കിങ്. യു.എ.ഇയിൽനിന്ന് സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം കളികാണാൻ ജെറ്റിൽ പറക്കാനൊരുങ്ങുന്നത് നിരവധി പേരാണ്.വി.വി.ഐ.പികൾ, പ്രമുഖ വ്യവസായികൾ, ഉദ്യോഗസ്ഥർ എന്നിങ്ങനെ സമൂഹത്തിന്‍റെ വിവിധ തുറകളിൽനിന്നുള്ളവരാണ് ദുബൈയിൽ നിന്നും അബൂദബിയിൽ നിന്നും ലോക ഫുട്ബാൾ മാമാങ്കത്തിന് സ്വകാര്യ വിമാനത്തിൽ പോകാനൊരുങ്ങുന്നത്. ഗൾഫ് മേഖലയിലെ വിമാന സർവിസുകളുടെ പ്രധാന കേന്ദ്രമെന്ന നിലയിൽ മറ്റു രാജ്യങ്ങളിൽനിന്നുള്ളവരും യു.എ.ഇയിൽനിന്ന് പറക്കാനൊരുങ്ങുന്നുണ്ട്. ലോകകപ്പിന്‍റെ ഉദ്ഘാടന ദിവസത്തേക്കും ആദ്യ റൗണ്ട് മത്സരങ്ങൾക്കുശേഷവുമാണ് കൂടുതൽ ബുക്കിങ്ങുള്ളതെന്ന് ഈ മേഖലയിലെ കമ്പനി അധികൃതർ പറയുന്നു.
എന്നാൽ, ഇഷ്ട ടീമുകൾ അവസാന റൗണ്ടിൽ എത്തുകയാണെങ്കിൽ ബുക്ക് ചെയ്യാൻ കാത്തിരിക്കുന്നവരുമുണ്ട്. യൂറോപ്പിലെയും ഏഷ്യയിലെയും വിവിധ രാജ്യങ്ങളിൽനിന്ന് സ്വകാര്യ ജെറ്റുകളിൽ വരുന്ന മിക്കവരും ദുബൈ, അബൂദബി വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നുണ്ട്. മത്സരം കഴിഞ്ഞശേഷം വേഗത്തിൽ തിരിച്ചുവരാമെന്നതാണ് യു.എ.ഇയെ ആകർഷണീയമാക്കുന്നത്. ആവശ്യക്കാർ വർധിച്ചതോടെ പല ജെറ്റ് കമ്പനികളും കൂടുതൽ സൗകര്യം ഒരുക്കാനുള്ള തയാറെടുപ്പിലാണ്. ദോഹയിൽ ഇതിനകം തന്നെ താമസകേന്ദ്രങ്ങൾ നിറഞ്ഞതിനാൽ പല ആരാധകരും യു.എ.ഇയിലാണ് താമസിക്കുന്നത്. ദിവസേന കളികണ്ട് മടങ്ങാൻ സൗകര്യമുള്ള ഷട്ട്ൽ സർവിസുകളാണ് ഇവരിൽ ഏറെപേരും ഉപയോഗിക്കുന്നത്. നിലവിൽ യു.എ.ഇ വിമാനക്കമ്പനികളായ ഫ്ലൈ ദുബൈ, ഇത്തിഹാദ് എയർവേസ്, എയർ അറേബ്യ, ഖത്തറിന്‍റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേസ് എന്നിവ ഇരു രാജ്യങ്ങൾക്കുമിടയിൽ സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.