ഈത്തപ്പഴ മഹോത്സവത്തിനൊരുങ്ങി ലിവ
അബൂദബി: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലുതും ശ്രദ്ധേയവുമായ ലിവ ഈത്തപ്പഴ മേളക്ക് അബൂദബി അല്‍ ദഫ്റയില് അരങ്ങൊരുങ്ങി. ഈത്തപ്പന മഹോത്സവത്തിന്റെ ഇരുപതാമത് എഡിഷനാണ് ജൂലൈ 15 മുതൽ 28 വരെ അരങ്ങേറുന്നത്. അബൂദബിയില്‍നിന്ന് 150ലധികം കി.മീറ്റര്‍ അകലെ ലിവ നഗര മേഖലാപരിധിയില് നടക്കുന്ന മേളയിലേക്ക് എല്ലാ വര്‍ഷവും നിരവധി പേരാണ് എത്തുന്നത്. സ്വദേശി കര്‍ഷകരെയും കൃഷിയെയും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി ഫെസ്റ്റ് നടത്തുന്നത്. വാര്‍ഷിക വിളവെടുപ്പ് ഉല്‍സവം കര്‍ഷകരുടെ മികവ് പ്രകടിപ്പിക്കാനുള്ള വേദി കൂടിയാണ്. മുന്തിയ ഇനം മുതല്‍ സാധാരണ ഈത്തപ്പനം വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഖലാസ്, ബൂമാന്‍, ഖനേസി, ദബ്ബാസ്, ഷിഷി, റുതബ് തുടങ്ങിയ ഈത്തപ്പനങ്ങള്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
ഈന്തപ്പനയോലകള്‍ കൊണ്ടുള്ള പായ, വിശറി, പാത്രങ്ങള്‍, ഈന്തപ്പന തണ്ടുകളാല്‍ നിര്‍മിച്ച ഇരിപ്പിടങ്ങള്‍, വിളക്കുകാലുകള്‍, മേള, പണപ്പെട്ടി, കരകൗശല വസ്തുകള്‍ തുടങ്ങിയയും സന്ദര്‍ശരെ ആകര്‍ഷിക്കുന്നതാണ്. ഈത്തപ്പന അച്ചാര്‍, ഈത്തപ്പനം ഉപ്പിലിട്ടത്, ഈത്തപ്പനം ജ്യൂസ്, വിനാഗിരി, ഹല്‍വ, ജാം, തുടങ്ങിയവയും ഇവിടെ ലഭിക്കും. വ്യത്യസ്തമായ മത്സരങ്ങളും നൂറുകണക്കിന് സമ്മാനങ്ങളും ഉള്‍പ്പെടുന്നതാണ് ലിവ ഈത്തപ്പന ഉത്സവം. വിലപ്പെട്ട സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഏറ്റവും വലിയ ഈത്തപ്പനക്കുഴ വിളയിച്ച കര്ഷകന്, മാതൃകാ ഫാം എന്നിവക്ക് സമ്മാനങ്ങള്‍ നല്‍കും. പത്തുലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
പരമ്പരാഗത കരകൗശലവസ്തുക്കള്‍, തിയേറ്റര്‍ പ്രവര്‍ത്തനങ്ങള്‍, എല്ലാ പ്രായക്കാര്‍ക്കും ആവേശകരമായ നിരവധി പരിപാടികള്‍ എന്നിവക്ക് പുറമേ ഫോക്ക്ലോര്‍ പ്രവര്‍ത്തനങ്ങളും ഫെസ്റ്റിവലില്‍ ഉണ്ടാകും. ഭക്ഷ്യസുരക്ഷയും ദേശീയ സമ്പദ്വ്യവസ്ഥയും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതിന് പുറമെ, രാജ്യത്തിന്റെ കാര്‍ഷിക മേഖലയുടെ അടിത്തറ സ്ഥാപിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെ ശ്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുകയാണ് മേളയുടെ ലക്ഷ്യം. ഈത്തപ്പഴം, ഒലിവ് എണ്ണ, പാചകം, ചിത്രരചന, ഫോട്ടോഗ്രഫി തുടങ്ങിയ ഇനങ്ങളില്‍ സന്ദര്‍ശകര്‍ക്കായി മല്‍സരങ്ങളും ഒരുക്കിയിട്ടുണ്ട്. പൈതൃക ഗ്രാമം, തേന്‍ ഗ്രാമം, അന്താരാഷ്ട്ര ഈത്തപ്പഴ ഗ്രാമം തുടങ്ങി നിരവധി പൈതൃക പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. ഇമാറാത്തി കരകൗശല പ്രകടനങ്ങളും തദ്സമയം അരങ്ങേറും. അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി(അഡാഫ്സ)യുടെ പങ്കാളിത്തത്തിൽ നടക്കുന്ന ലിവ മഹോത്സവത്തിനായി കത്തുന്ന ചൂടിലും നൂറുകണക്കിന് പേരാണ് എത്താറുള്ളത്. വിളവെടുപ്പ് കാലത്തിന്റെ ആഘോഷം, ഈത്തപ്പനയും അവയുടെ ഉല്പന്നങ്ങളും ദേശീയ സമ്പത്ത് ആണെന്നും സാംസ്കാരിക പൈതൃകത്തിലെ അഭിവാജ്യ ഘടകം ആണെന്നും എടുത്തുകാട്ടുകയാണ് മേളയുടെ ലക്ഷ്യം. ഉൽപാദകരെയും വ്യാപാരികളെയും നിക്ഷേപകരെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ മേള സഹായകമാവും. ഇമാറാത്തി ഈത്തപ്പഴം വില്‍ക്കാനും പ്രോത്സാഹിപ്പിക്കാനും വിപണിയും കര്‍ഷകര്‍ക്ക് ഇതര രാജ്യങ്ങളിലെ കര്‍ഷകരുമായി സംവദിക്കാനും നൂതന കൃഷിരീതികള്‍ പഠിക്കാനും അനുഭവങ്ങള്‍ പങ്കുവെക്കാനും അവസരമൊരുക്കുന്ന പ്രത്യേക വേദിയൊരുക്കുകയും ദേശീയ മേളയുടെ സംസ്കാരവും കാര്‍ഷിക പൈതൃകവും സംരക്ഷിക്കുകയെന്നതും മേളയുടെ ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.