അബൂദബി: അബൂദബിയിലെ സർക്കാർ സ്ഥാപനത്തിൽ നിന്ന് 1.10 കോടി ദിർഹം മോഷ്ടിച്ച കേസിൽ ഉപഭോക്തൃ സേവന വിഭാഗം ഡയറക്ടറായിരുന്ന യുവതി പിടിയിൽ. വിവാഹ വാഗ്ദാനം നൽകിയ യുവാവിന് ആഡംബര സമ്മാനങ്ങൾ നൽകാനാണ് ഇവർ പണം ചെലവഴിച്ചിരുന്നത്. ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് ഇവർ പണം കവർന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റെന്ന് അബൂദബി പൊലീസ് കുറ്റാന്വേഷണ വിഭാഗം ഉപ ഡയറക്ടർ കേണൽ താരീഖ് അൽ ഗൗൽ വ്യക്തമാക്കി. 33 വയസുള്ള പ്രതി 26 കാരനായ യുവാവുമായി ബന്ധത്തിലായിരുന്നു. വിവാഹിതനായ ഇയാൾ ഇക്കാര്യം മറച്ചുവെച്ചാണ് യുവതിയെ വിവാഹം ചെയ്യാമെന്ന് ഉറപ്പു നൽകിയിരുന്നത്. യുവാവ് വരുത്തിയ ബാങ്ക് കടങ്ങൾ വീട്ടിയ സ്ത്രീ ഇയാൾക്കും സഹോദരനും റോൾസ് റോയ്സ് ഉൾപ്പെടെ വിലപിടിച്ച കാറുകളും നമ്പർ പ്ലേറ്റുകളും ബ്രാൻറഡ് വാച്ചുകളും യൂറോപ്പിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റും മറ്റും സമ്മാനിക്കുകയും ചെയ്തു. യുവതിയെ ചൂഷണം ചെയ്ത കുറ്റത്തിന് കാമുകനെയും സഹോദരനെയും പൊലീസ് പിടികൂടി. ഇൗ പണമുപയോഗിച്ച് വാങ്ങിയ റോൾസ് റോയ്സ്, റേഞ്ച്റോവർ കാറുകളും മറ്റു ചില വസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി കൂട്ടുകാരനെയും സുഹൃത്തുക്കളെയും താൻ സാമ്പത്തികമായി ഉന്നത നിലയിലാണെന്ന് ബോധ്യപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇതു ചെയ്തതെന്നും പൊലീസിനോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.