ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതിയെ  കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചു മൂടി

ഷാര്‍ജ: ഷാര്‍ജയിലെ പ്രധാന ജനവാസ മേഖലയായ മൈസലൂണ്‍ ഭാഗത്തെ വീടിനുള്ളില്‍ ഇന്ത്യൻ വംശജയായ മുപ്പത്തിയാറുകാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വിശദാംശങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് അധികം ആഴമില്ലാത്ത കുഴിയില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് വീടിനുള്ളിലെ സിറാമിക് ടൈലുകള്‍ കുറെ ഇളക്കി മാറ്റിയതായി കണ്ടെത്തി. ഈ ഭാഗത്ത് വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ചുവരിൽ ചാരിവെച്ച നിലയിൽ കുട്ടികളുടെ സൈക്കിളമുണ്ടായിരുന്നു. തുടർന്ന്​ പൊലീസ് നായയുടെ സഹായത്തോടെ പരിശോധന നടത്തി.  കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊന്നു വീടിനുള്ളിൽ കുഴിച്ചിട്ടതാണെന്ന് പൊലീസ് പറഞ്ഞു.

ക്രൂരകൃത്യം നടത്തിയതിന് ശേഷം വീട് വാടകക്ക് എന്ന ബോര്‍ഡ് തൂക്കി മക്കളേയും കൂട്ടി ഇയാള്‍ ഇന്ത്യയിലേക്ക് കടന്നതായാണ് സംശയം. ഹൈദരാബാദ്​ സ്വദേശികളാണിവർ എന്നാണ്​ സൂചന. 40കാരനായ ഇയാള്‍ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.  കുട്ടികളെ നാട്ടിലേക്ക് അയച്ചത് രണ്ടാം ഭാര്യയുടെ കൂടെയാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലുള്ളവരും അയൽവാസികളും ഇന്ത്യക്കാരാണെങ്കിലും ഇവരുമായി യാതൊരുവിധ ബന്ധവും പുലര്‍ത്തിയിരുന്നില്ലത്രെ. ഒരു സാധനവും സമീപത്തെ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങാറില്ല എന്നാണ് കച്ചവടക്കാർ പറയുന്നു. 

സഹോദരിയെ കാണാനില്ലെന്ന്​ ഈ മാസം ഒന്‍പതിന് സഹോദരന്‍ ഷാര്‍ജ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. നിരവധി തവണ മൊബൈലില്‍ വിളിച്ചിട്ടും ബന്ധപ്പെടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സഹോദരി താമസിക്കുന്ന വില്ലയില്‍ സഹോദരന്‍ എത്തിയിരുന്നു. എന്നാല്‍ ഇവിടെ ആരെയും കാണാനായില്ല. തുടര്‍ന്നാണ്​ പരാതി നല്‍കിയത്. ദമ്പതികളും രണ്ട് മക്കളുമായിരുന്നു ഇവിടെ താമസിച്ചിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നതിനെ കുറിച്ചുള്ള വിവരം ഇവര്‍ക്കും അറിയില്ല. 

നിരവധി മലയാളികള്‍ താമസിക്കുന്ന മേഖലയാണിത്. ഷാര്‍ജയിലെ ശൈഖ് സായിദ് റോഡ്, കുവൈത്ത് റോഡ്, അല്‍ സഹ്റ റോഡുകള്‍ക്കിടയില്‍ കിടക്കുന്ന മൈസലൂണിൽ, പണ്ട് വെള്ളിയാഴ്ച മലയാള പ്രസംഗം നടന്നിരുന്ന പള്ളിക്ക് സമീപത്തുള്ള, പഴയ വില്ലകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് സംഭവം. ഫോറന്‍സിക് പരിശോധനക്കായി മൃതദേഹം കൊണ്ട് പോയി. കൊലപാതകം നടന്നത് എന്നാണതിനെ കുറിച്ചും കൊല ചെയ്തത് ഏത് രീതിയിലാണെന്നതിനെ കുറിച്ചുമുള്ള വിവരങ്ങള്‍ പരിശോധന ഫലം വരുന്ന മുറക്ക് മാത്രമെ സ്ഥിരികരിക്കപ്പെടുകയുള്ളു. മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ടെന്നാണ്​ അധികൃതര്‍ നല്‍കുന്ന സൂചന.  ഇന്ത്യയിലേക്ക് കടന്ന പ്രതിയെ കണ്ടെത്താന്‍ ഇൻറർപോളി​​​െൻറ സഹായം തേടിയതായി പൊലീസ് അറിയിച്ചു. 

Tags:    
News Summary - crime-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.