ദുബൈ: യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങൾക്കും പബ്ലിക്ക് ജോയന്റ് സ്റ്റോക് കമ്പനികൾക്കും ഏർപ്പെടുത്തിയ കോർപറേറ്റ് നികുതിയിൽ രജിസ്റ്റർ ചെയ്യുന്നത് വൈകിയാൽ പുതിയ പിഴ പ്രഖ്യാപിച്ച് ധനമന്ത്രാലയം. മാർച്ച് ഒന്നു മുതൽ രജിസ്ട്രേഷനിൽ വീഴ്ച വരുത്തിയാൽ 10,000 ദിർഹം പിഴ ഈടാക്കുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) അറിയിച്ചു. ചൊവ്വാഴ്ച ഇതുസംബന്ധിച്ച നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
വാർഷിക വരുമാനം 3.75 ലക്ഷം ദിർഹത്തിൽ (84.1 ലക്ഷം രൂപ) കൂടുതലുള്ള കമ്പനികൾ ഒമ്പതു ശതമാനം കോർപറേറ്റ് നികുതി നൽകണമെന്ന നിയമം 2023 ജൂൺ ഒന്നിന് പ്രാബല്യത്തിൽ വന്നിരുന്നു. തുടർന്ന് ആഗസ്റ്റ് ഒന്നുമുതൽ രജിസ്ട്രേഷനിൽ വീഴ്ച വരുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാൽ, ഈ വർഷം മാർച്ച് ഒന്നു മുതൽ നിയമം കൂടുതൽ കർശനമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് 10,000 ദിർഹം പിഴ ഈടാക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് 3.75 ലക്ഷം ദിർഹം എന്ന ഉയർന്ന ലാഭ പരിധി നിർണയിച്ചത്. ഇമാറ ടാക്സ് പ്ലാറ്റ് ഫോം വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.