യു.എ.ഇയുടെ സുസ്ഥിരത വർഷത്തിന് പിന്തുണ പ്രഖ്യാപിച്ച് ‘കമോൺ
കേരള’ വേദിയിൽ പ്രതിജ്ഞ ചൊല്ലുന്നു
ഷാർജ: കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ലോകത്തെ മുന്നിൽനിന്ന് നയിക്കുന്ന യു.എ.ഇയുടെ പ്രവർത്തനങ്ങൾക്ക് ‘കമോൺ കേരള’ വേദിയിൽ പ്രവാസ ലോകത്തിന്റെ ഐക്യദാർഢ്യം. ഇമാറാത്തിലെ മുഴുവൻ എമിറേറ്റുകളിൽനിന്നുമെത്തിയ ഇന്ത്യൻ പ്രവാസി കൂട്ടായ്മകളുടെ പ്രതിനിധികൾ ഒന്നിച്ചുനിന്ന് സുസ്ഥിരത പ്രതിജ്ഞ ചൊല്ലിയാണ് പിന്തുണ പ്രഖ്യാപിച്ചത്.
പരിസ്ഥിതി അവബോധം ശക്തമാക്കുന്നത് ലക്ഷ്യംവെച്ച് യു.എ.ഇ 2023 സുസ്ഥിരത വർഷമായി ആചരിക്കുന്ന സാഹചര്യത്തിലാണ് പരിപാടി ഒരുക്കിയത്. പാർലമെൻറ് അംഗങ്ങളായ കെ. മുരളീധരൻ, ജോൺ ബ്രിട്ടാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് കമോൺ കേരളയുടെ ‘ഹാർമോണിയസ് കേരള’ വേദിയിൽ പ്രതിജ്ഞ ചൊല്ലിയത്. വിദ്യാർഥിനിയായ അഹ്ലാം ലിയാഖത്തലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യു.എ.ഇയുടെ പരിസ്ഥിതിസൗഹൃദ നിലപാടുകൾക്ക് അനുസൃതമായി, നാളെയുടെ തലമുറകൾക്കുവേണ്ടി ഭൂമിയെ സംരക്ഷിക്കുന്ന ജീവിതശൈലി പാലിക്കുമെന്ന് സദസ്സ് ഒന്നടങ്കം പ്രതിജ്ഞ ചെയ്തു. എം.പിമാർക്കും ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസിനും ഒപ്പം, വിവിധ പ്രവാസി കൂട്ടായ്മ നേതാക്കളായ അഡ്വ. വൈ.എ. റഹീം (പ്രസിഡൻറ്, ഇന്ത്യൻ അസോസിയേഷൻ ഷാർജ), ഡോ. പുത്തൂർ റഹ്മാൻ (പ്രസിഡന്റ്, യു.എ.ഇ കെ.എം.സി.സി), റിയാസ് കൂത്തുപറമ്പ് (പ്രസിഡന്റ്, ഓർമ യു.എ.ഇ), അഷ്റഫ് താമരശ്ശേരി (സാമൂഹിക പ്രവർത്തകൻ), പോൾ ജോസഫ് (പ്രസിഡന്റ്, അക്കാഫ് അസോസിയേഷൻ), കെ.സി. അബൂബക്കർ (പ്രസിഡന്റ്, ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ്, കൽബ), റോസി ടീച്ചർ (പ്രവാസി സ്ത്രീ യു.എ.ഇ കോഓഡിനേറ്റർ, വൈസ് പ്രസിഡന്റ് പ്രവാസി ഇന്ത്യ), മുബാറക് മുസ്തഫ (പ്രസിഡന്റ്, ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ), കെ.എൽ. ഗോപി (കോഓഡിനേറ്റർ, മലയാളം മിഷൻ, യു.എ.ഇ), പുന്നക്കൻ മുഹമ്മദലി (പ്രസിഡന്റ്, ചിരന്തന), തങ്കച്ചൻ സാമുവേൽ (ചെയർമാൻ, സാന്ത്വനം യു.എ.ഇ), ഹാജറ വലിയകത്ത് (വനിത കോഓഡിനേറ്റർ, പ്രവാസി ലീഗൽ സെൽ), സമീന്ദ്രൻ (ജനറൽ സെക്ര. മാസ് ഷാർജ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.