ദുബൈ: വീടുകളിൽ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്ന മരുന്നുകൾ ശേഖരിക്കാൻ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ (ഡി.എച്ച്.എ) പദ്ധതി. ആവശ്യം കഴിഞ്ഞതും ഉപയോഗശൂന്യമാവാത്തതുമായ മരുന്നുകൾ ശേഖരിച്ച് ഡി.എച്ച്.എയുടെ ഫാർമസികളിൽ നൽകുന്നതാണ് പദ്ധതി. കാലാവധി കഴിഞ്ഞ ശേഷം വലിച്ചെറിയുന്ന മരുന്നുകൾ ടൺ കണക്കിനാണ് ഒാരോ വർഷവും മാലിന്യകൂമ്പാരങ്ങളിൽ എത്തുന്നതെന്ന് ഡി.എച്ച്.എ. അധികൃതർ പറയുന്നു.
ഇവ പാവങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ‘അലമാരകൾ വൃത്തിയാക്കൂ’ എന്ന പേരിലാണ് ഇത് സംബന്ധിച്ച പ്രചാരണം നടത്തുന്നത്. 2011 ലാണ് ഡി.എച്ച്.എ. ഇൗ പദ്ധതിക്ക് തുടക്കമിട്ടത്.
മിച്ചമുള്ള മരുന്നുകൾ ശേഖരിക്കാൻ നഗരത്തിലുടനീളമുള്ള ഡി.എച്ച്.എ. ഫാർമസികളിൽ സൗകര്യവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ആദ്യത്തെ വർഷങ്ങളിൽ കാര്യമായ ചലനമുണ്ടാക്കാൻ പദ്ധതിക്കായില്ല. എന്നാൽ 2016 ലും 2017 ലും സ്ഥിതി മാറി. കാലാവധി കഴിഞ്ഞ 10 ടൺ മരുന്ന് ഇൗ കാലയളവിൽ ഡി.എച്ച്.എക്ക് ലഭിച്ചു. ഉപയോഗ യോഗ്യമായ രണ്ട് ടൺ മരുന്നുകളും കിട്ടി. ഇത് ആവശ്യക്കാർക്ക് എത്തിച്ചു നൽകാൻ കഴിഞ്ഞുവെന്ന് ഡി.എച്ച്.എ. ഫാർമസി വിഭാഗം ഡയറക്ടർ ഡോ. അലി സെയ്ദ് പറഞ്ഞു.
കാലഹരണപ്പെട്ട മരുന്നുകൾ സുരക്ഷിതവും ശാസ്ത്രീയവുമായ രീതിയിൽ നശിപ്പിക്കാനും നല്ല മരുന്നുകൾ പാവങ്ങൾക്ക് നൽകാനും പദ്ധതിയിലൂടെ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഒാരോ മാസവും അഞ്ച് ലക്ഷം ദിർഹത്തിെൻറ മരുന്ന് പാവങ്ങൾക്ക് നൽകാൻ ഡി.എച്ച്.എക്ക് കഴിയുന്നുണ്ട്. കാലാവധി കഴിഞ്ഞ മരുന്ന് ശരിയായ വിധം നശിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കും. മണ്ണും ജലവും മലിനമാകും. അതിനാൽ മരുന്നുകൾ ഡി.എച്ച്.എ. ഫാർമസികളിൽ തിരിച്ചേൽപ്പിക്കുകയാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 16 ഡി.എച്ച്.എ. ആരോഗ്യ കേന്ദ്രങ്ങളിലും നാല് ആശുപത്രികളിലുമുള്ള ഫാർമസികളിൽ ഇതിനുള്ള സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.