ശനിയാഴ്ച നടന്ന ക്ലീൻ യു.എ.ഇ കാമ്പയിനിൽ വളന്റിയർമാർക്ക്​ നിർദേശങ്ങൾ നൽകുന്ന എമിറേറ്റ്​ എൻവയൺമെന്‍റൽ ഗ്രൂപ്​ പ്രവർത്തക

ക്ലീൻ യു.എ.ഇ; ഒറ്റദിനം ശേഖരിച്ചത്​ 10.5 ടൺ മാലിന്യം

ദുബൈ: എമിറേറ്റ്​ എൻവയൺമെന്‍റൽ ഗ്രൂപ്​ (ഇ.ഇ.ജി) ദേശവ്യാപകമായി നടത്തിയ ‘ക്ലീൻ യു.എ.ഇ’ കാമ്പയിനിലൂടെ ഒറ്റദിനം ശേഖരിച്ചത്​ 10.5 ടൺ മാലിന്യം. ഏഴ് എമിറേറ്റുകളിലായി ശനിയാഴ്ച നടത്തിയ ശുചിത്വ കാമ്പയിനിൽ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള 7,327 സന്നദ്ധ പ്രവർത്തകർ ഒരുമിച്ചു​ ചേർന്നാണ്​ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പുതു മാതൃക തീർത്ത്​.

യു.എ.ഇ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്‍റെ രക്ഷാകർതൃത്വത്തിന്​ കീഴിൽ നടക്കുന്ന ‘ക്ലീൻ യു.എ.ഇ’​ കാമ്പയി​നിന്‍റെ 22ാം എഡിഷനാണ്​ ശനിയാഴ്ച സംഘടിപ്പിച്ചത്​. സുസ്ഥിരത വർഷത്തിന്‍റെയും ദുബൈയിൽ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ് ​28ന്‍റെ സമാപനത്തോടും അനുബന്ധിച്ചാണ്​ രാജ്യവ്യാപകമായി ശുചിത്വ യജ്ഞത്തിന്​ തുടക്കമിട്ടത്​​.

ദുബൈ മുനിസിപ്പാലിറ്റി, സൈഹ്​ അൽ സലാം സംരക്ഷണ മേഖല മാനേജ്​മെന്‍റ്​, ദുബൈ ഇക്കണോമിക്​ ആൻഡ്​ ടൂറിസം എന്നിവയുടെ സഹകരണത്തോടെ സൈഹ്​ അൽ സലാമിന്‍റെ നാലു​ സൈറ്റുകളിലാണ്​ ദുബൈയിൽ ശനിയാഴ്ച മാലിന്യ ശേഖരണം നടത്തിയത്​.

കാമ്പയി​നിൽ പ​ങ്കെടുക്കുന്ന വളന്‍റിയർമാർക്കായി പ്രത്യേക ടീഷർട്ടുകളും തൊപ്പിയും സമ്മാനിച്ചിരുന്നു.​ കൂടാതെ പുനരുപയോഗിക്കാവുന്ന കോട്ടൺ കൈയുറകളും ജൈവ വിഘടന സാധ്യമാകുന്ന പ്ലാസ്റ്റിക്​ ബാഗുകളും സജ്ജമാക്കിയിരുന്നു.

ശനിയാഴ്ച അതിരാവിലെ ആരംഭിച്ച ശുചിത്വ യജ്ഞത്തിന്‍റെ ഉദ്​ഘാടന ചടങ്ങിൽ ഇ.ഇ.ജി എക്സിക്യൂട്ടിവ്​ കമ്മിറ്റി അംഗങ്ങൾ, സർക്കാർ, സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥർ എന്നിവരും പ​ങ്കെടുത്തിരുന്നു​. യുനൈറ്റഡ് നേഷൻസ് എൻവയൺമെന്‍റ്​ പ്രോഗ്രാമിന് (യു.എൻ.ഇ.പി) കീഴിലുള്ള അംഗീകൃത സ്ഥാപനമെന്ന നിലയിലാണ്​ യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്ന പ്രവർത്തനങ്ങൾ ഇ.ഇ.ജി നടത്തിവരുന്നത്​.

Tags:    
News Summary - Clean-UAE-10.5-tons-of-waste-was-collected-in-one-day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.