ദുബൈ: പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ദീർഘകാല വിസ പ്രഖ്യാപിച്ച് യു.എ.ഇ. ‘ബ്ലൂ റെസിഡൻസി’ എന്നു പേരിട്ട 10 വർഷ വിസ മന്ത്രിസഭ യോഗത്തിന് ശേഷം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര സാങ്കേതികവിദ്യ, കടൽ, കാലാവസ്ഥ തുടങ്ങിയ മേഖലകളിൽ അസാധാരണ സംഭാവനകളും പരിശ്രമങ്ങളും നടത്തിയവർക്കാണ് വിസ നൽകുക. വായു ഗുണനിലവാരം വർധിപ്പിക്കൽ, ഗ്രീൻ ടെക്നോളജി മേഖലകളിലുള്ളവരെയും വിസക്ക് പരിഗണിക്കും.
സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരത പരിസ്ഥിതി സുസ്ഥിരതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ശൈഖ് മുഹമ്മദ് ‘എക്സി’ൽ കുറിച്ചു. കഴിഞ്ഞ വർഷത്തേതിന്റെ തുടർച്ചയായി 2024നെയും രാജ്യം സുസ്ഥിരത വർഷമായി ആചരിക്കുന്ന സാഹചര്യത്തിലാണ് പരിസ്ഥിതി സംരക്ഷകർക്ക് വിസ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്താകമാനം നിരവ കാലാവസ്ഥ ഉച്ചകോടിക്ക് യു.എ.ഇ വിജയകരമായി ആതിഥ്യമരുളുകയും ചെയ്തു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദാണ് ഈ വർഷവും സുസ്ഥിരത വർഷമായി പ്രഖ്യാപിച്ചത്.
രാജ്യത്തെ വിവിധ വികസന പ്രവർത്തനങ്ങളിലും പദ്ധതികളിലും സുസ്ഥിരതക്ക് പ്രാധാന്യം നൽകിവരുകയാണ്. ഇതിനെ കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ പ്രഖ്യാപനം സഹായിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്നവരെ ആകർഷിക്കാൻ ‘ബ്ലൂ റെസിഡൻസി’ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സാധാരണ ഗതിയിൽ രണ്ടവരുന്ന രാജ്യത്ത് 2019ൽ പ്രഖ്യാപിച്ച 10വർഷ ഗോൾഡൻ വിസ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. നിക്ഷേപകർ, സംരംഭകർ, മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികൾ, ശാസ്ത്രജ്ഞർ, ജീവകാരുണ്യ പ്രവർത്തകർ തുടങ്ങിയവർക്കാണ് ഗോൾഡൻ വിസ നൽകുന്നത്. പിന്നീട് അഞ്ചു വർഷ റസിഡന്‍സി അനുവദിക്കുന്ന ഗ്രീൻ റസിഡൻസിയും പ്രഖ്യാപിച്ചു. ഇത് വിവിധ പ്രഫഷനലുകൾ, ഫ്രീലാൻസർമാർ, നിക്ഷേപകർ, സംരംഭകർ എന്നിവർക്കാണ് അനുവദിക്കുന്നത്. ഇ-ഗെയിമിങ് നിർമാണ മേഖലയിലെ പ്രഗല്ഭരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ദുബൈ ദിവസങ്ങൾക്ക് മുമ്പ് ദീർഘകാല വിസ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.