ദുബൈ: ചാറ്റ് ജി.പി.ടി ഉപയോഗിച്ച് വിദ്യാഭ്യാസ രംഗത്ത് നൂതന ഉപകരണങ്ങൾ വികസിപ്പിക്കുന്നതിന് താൽപര്യമുള്ളവർക്കായി പ്രത്യേക മത്സരം സംഘടിപ്പിക്കുന്നു. മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം സംരംഭത്തിന്റെ (എം.ബി.ആർ.ജി.ഐ) ഭാഗമായ ഡിജിറ്റൽ സ്കൂളുമായി സഹകരിച്ച് നിർമിതബുദ്ധി, ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥ, വിദൂര വർക്ക് ആപ്ലിക്കേഷൻസ് ഓഫിസാണ് വേറിട്ട മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ജാവ സ്ക്രിപ്ട്, പൈതൺ, വെബ് പ്രോഗ്രാമിങ് പോലുള്ള കമ്പ്യൂട്ടർ കോഡിങ് ഭാഷകളിൽ പ്രാവീണ്യം ഉണ്ടാകണം.
നിർമിതബുദ്ധി സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി ഉപയോഗിക്കാൻ എളുപ്പമുള്ളതും ഫലപ്രദവുമായ ഉപകരണം വികസിപ്പിക്കുന്നതിനുള്ള മൂന്ന് തലങ്ങളാണ് മത്സരത്തിനുണ്ടാവുക. ഇത് പാഠഭാഗങ്ങൾ സുഗമമാക്കുന്നതിനൊപ്പം കാർബൺ ചക്രം, വിഘടനം, ഹരിത സസ്യങ്ങളുടെ പോഷകാവശ്യങ്ങൾ, അഴുകൽ, ശ്വസനം, തവളകളുടെ ജീവിതചക്രം എന്നീ വിഷയങ്ങളെ അഭിസംബോധന ചെയ്യുകയും വേണം. ആദ്യ ലെവലിൽ മത്സരാർഥികൾ സമഗ്രമായ പഠന പദ്ധതി തയാറാക്കണം. രണ്ടാമത്തെ ലെവലിൽ ഒരു വെബ് ആപ്ലിക്കേഷൻ നിർമിക്കുകയാണ് വേണ്ടത്.
ഇതുവഴി വിദ്യാർഥികൾക്ക് അവരുടെ ആവശ്യങ്ങൾ വെബ് ആപ്ലിക്കേഷനിൽ എന്റർ ചെയ്യാനും പഠനപദ്ധതിയെക്കുറിച്ച് വിലയിരുത്താനും കഴിയണം. മൂന്നാമത്തെ ലെവലിൽ വെബ് ആപ്ലിക്കേഷന്റെ കഴിവുകൾ എന്തൊക്കെയെന്ന് വിശദീകരിക്കുകയും പഠനപദ്ധതി നിർമിക്കുകയും വേണം. അതോടൊപ്പം അന്തിമമായ പഠനപദ്ധതി ഓപൺ സോഴ്സായ സ്ട്രാപ്പിൽ പ്രസിദ്ധീകരിക്കാനും കഴിയണം. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഓൺലൈനായി ഇവന്റ് ബ്രൈറ്റിന്റെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ജൂൺ 11 മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.