ദുബൈ കനാലില്‍ ബോട്ട് സര്‍വീസ്; ഒമ്പത് സ്റ്റേഷനുകള്‍

ദുബൈ: ദുബൈ നഗരത്തിന് ചുറ്റും ബോട്ടിലൂടെ ചുറ്റിക്കറങ്ങുകയെന്ന സ്വപ്നം ഏതാനും ദിവസങ്ങള്‍ക്കകം യാഥാര്‍ഥ്യമാവും. 
ഇതിനായി ദുബൈ കനാലില്‍ അഞ്ചും ബിസിനസ് ബേയില്‍ നാലും സ്റ്റേഷനുകള്‍ റോഡ്-ഗതാഗത അതോറിറ്റി (ആര്‍.ടി.എ) തുറക്കും. ദുബൈ കനാല്‍ ഉദ്ഘാടനത്തിന്‍െറ പിറ്റേന്ന് സ്റ്റേഷനുകള്‍ തുറക്കുക. തീയതി നിശ്ചയിച്ചിട്ടില്ല.
ഫെറികളും ആഢംബര ബോട്ടുകളും ദേര, ബര്‍ദുബൈ, ദുബൈ മറീന എന്നിവിടങ്ങളില്‍നിന്ന് ജുമൈറയിലേക്കും ബിസിനസ് ബേയിലേക്കും യാത്ര സാധ്യമാക്കും. 
ഒമ്പത് സ്റ്റേഷന്‍ കൂടി തുറക്കുന്നതോടെ ദുബൈ ജലഗതാഗത സംവിധാനത്തില്‍ മൊത്തം 42 സ്റ്റേഷനുകളാവും. 
ദുബൈ ഫെറി  ദിവസേന രാവിലെ പത്തിനും ഉച്ചക്ക് 12നും വൈകുന്നേരം 5.30നും ട്രിപ്പ് നടത്തും. ജല ടാക്സി രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയായി സര്‍വീസ് സമയം ദീര്‍ഘിപ്പിക്കും. ശൈഖ് സായിദ് റോഡ്, സഫ പാര്‍ക്ക്, അല്‍ വാസ്ല്‍, ജുമൈറ, ദുബൈ കനാല്‍ എന്നീ പേരുകളിലാണ് ദുബൈ കനാലിലുള്ള സ്റ്റേഷനുകള്‍. ബിസിനസ് ബേയില്‍ ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ട്, അല്‍ വജിഹ അല്‍ മീയ, മറാസി, ബിസിനസ് ബേ എന്നീ സ്റ്റേഷനുകളാണുള്ളത്. 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് പുതിയ കനാലിനുള്ളത്.
 ദുബൈ ഫെറി അഞ്ച് സ്റ്റേഷനുകളിലേക്ക് സര്‍വീസ് നടത്തും. ഇതില്‍ രണ്ടെണ്ണം ദുബൈ കനാലിലും മൂന്നെണ്ണം ബിസിനസ് ബേ കനാലിലുമായിരിക്കും. 
അല്‍ ജദാഫ് സ്റ്റേഷനില്‍നിന്ന് ദുബൈ കനാല്‍ സ്റ്റേഷനിലേക്കും തിരിച്ചും മൂന്ന് പുതിയ സര്‍വീസുകള്‍ കൂടി ദുബൈ ഫെറി നടത്തും. ബിസിനസ് ബേ കനാലില്‍ ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ട്, അല്‍ വജീഹ അല്‍ മീയ, മറാസി സ്റ്റേഷനുകളിലും ദുബൈ കനാലില്‍ ശൈഖ് സായിദ് റോഡ്, ദുബൈ കനാല്‍ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും. 
അല്‍ ഗുബൈബ സ്റ്റേഷനും മറീന മാള്‍ സ്റ്റേഷനുമിടിയില്‍ ദുബൈ ഫെറി നിലവില്‍ നടത്തുന്ന സര്‍വീസ് ദുബൈ കനാല്‍ സ്റ്റേഷന്‍ വരെ നീട്ടും. അതിനാല്‍ ദുബൈ കനാല്‍ സ്റ്റേഷന്‍ അല്‍ ഗുബൈ, മറീന മാള്‍, ബിസിനസ് ബേ, അല്‍ ജദ്ദാഫ് സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റേഷനായി മാറും. 
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് റോഡ്-ഗതാഗത എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് സംഘടിപ്പിച്ച യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

Tags:    
News Summary - Boat Sevice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.