പുതു ആശയങ്ങൾ പങ്കുവെക്കാൻ അറബ് വ്യോമയാന ഉച്ചകോടി
വ്യോമയാന മേഖലയിലെ പുതു കണ്ടത്തെലുകളും അറിവുകളും പങ്കുവെക്കപ്പെടുകയും നൂതന ആശയങ്ങള് കൈമാറുകയും ചെയ്യുന്ന അറബ് ഏവിയേഷന് സമ്മിറ്റി(എ.എ.എസ്)ന് ഒരുങ്ങി റാസല്ഖൈമ. ഫെബ്രുവരി 27, 28 തീയതികളില് റാക് അല് ഹംറ ഇന്റര്നാഷനല് എക്സിബിഷന് ആൻഡ് കോണ്ഫറന്സ് സെന്ററിലാണ് 11ാമത് അറബ് ഏവിയേഷന് ഉച്ചകോടി.
വ്യോമയാന-ടൂറിസം മേഖലകളില് അറബ് രാഷ്ട്രങ്ങള് തമ്മിലുള്ള സഹകരണത്തിന്റെയും സഹവര്ത്തിത്വത്തിന്റെയും വഴി വിളക്കാണ് അറബ് വ്യോമയാന ഉച്ചകോടിയെന്ന് അധികൃതര് വ്യക്തമാക്കി.
ഇത് വെറുമൊരു ഒത്തുചേരലല്ല. അറബ് ലോകത്ത് വ്യോമായന-വിനോദ സഞ്ചാര മേഖലകളില് ഭാവി ലാന്ഡ്സ്കാപ്പ് രൂപപ്പെടുത്തുന്നതിനുള്ള ഗൗരവമായ ചര്ച്ചകള് എ.എ.എസിനെ ശ്രദ്ധേയമാക്കും. സര്ക്കാര് -സ്വകാര്യ സ്ഥാപനങ്ങള്, മാധ്യമങ്ങള് എന്നിവയുടെ സഹകരണവും ഈ മേഖലയുടെ നവീകരണത്തിന് അവരില്നിന്നുള്ള അഭിപ്രായങ്ങളും ശേഖരിക്കും.
വ്യവസായ-തൊഴില് അവസരങ്ങള്, സ്ഥിതി വിവരകണക്കുകള് എന്നിവ പ്രദര്ശിപ്പിക്കുന്നതിനുള്ള വേദിയായും എ.എ.എസ് മാറും. കോവിഡ് സാഹചര്യങ്ങളില് മുന് വര്ഷങ്ങളില് നടന്ന ഓണ്ലൈന് സമ്മിറ്റുകളില് നിന്ന് വ്യത്യസ്തമായിരിക്കും ഈ വര്ഷത്തെ ഉച്ചകോടി. ഇന്ഡസ്ട്രിയല് കേന്ദ്രീകൃതമായി വിദഗ്ധര് നയിക്കുന്ന മാസ്റ്റര് ക്ളാസുകള് സമ്മിറ്റിന്റെ പ്രത്യേകതയാകും.
അറബ് യൂത്ത് ഏവിയേഷന് ആൻഡ് ട്രാവല് ഫോറത്തിന്റെ (എ.വൈ.എ &ടി.എഫ്) ഉദ്ഘാടനം റാക് എ.എ.എസ് വേദിയില് നടക്കും. എയര്ബസ്, വേള്ഡ് സസ്റ്റെയ്നബിള് ഡെവലപ്പ്മെന്റ് ഫണ്ട് എന്നിവയുമായുള്ള തന്ത്രപരമായ പങ്കാളിത്തം, തൊഴിലാളികള്ക്കിടയില് നേതൃശേഷിയും നവീകരണവും ലക്ഷ്യമാക്കിയുള്ള ശില്പ്പശാലകള് തുടങ്ങിയവയാണ് എ.വൈ.എ ആൻഡ് ടി.എഫിലൂടെ ലക്ഷ്യമിടുന്നത്. ഈ രംഗത്ത് യുവ പ്രൊഫഷണലുകള്ക്കും സംരംഭകര്ക്കും അവസരങ്ങള് ലഭ്യമാക്കുകയെന്നും ഫോറത്തിന്റെ ലക്ഷ്യമാണ്.
എയര്ബസ്, സി.എഫ്.എം, കൊല്ലിന്സ് എയറോസ്പേസ്, ബിയോണ്ഡ് എയര്ലൈന്സ്, ടി ത്രീ ഏവിയേഷന് അക്കാദമി തുടങ്ങിയ ഗ്ളോബല് ഇന്ഡസ്ട്രികളുടെ പിന്തുണയോടെയാണ് റാസല്ഖൈമയില് 11ാമത് അറബ് ഏവിയേഷന് ഉച്ചകോടി നടക്കുന്നത്. അറബ് ഏവിയേഷന്, അറബ് ടൂറിസം മേഖലകളില് നവീകരണത്തിനും സഹകരണ മേഖലകള് വര്ധിപ്പിക്കുന്നതിനും മേഖലയുടെ പുരോഗതിയുടെ ഉത്തേജനത്തിനും അറബ് ഏവിയേഷന് ഉച്ചകോടി വഴിവെക്കും. ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റര് ചെയ്യുന്നവര്ക്ക് സമ്മിറ്റില് പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.