അനന്തപുരി പ്രവാസി കൂട്ടായ്മ ശേഖരിച്ച മരുന്നുകൾ ഷാർജ ഇന്ത്യൻ അസോസിയേഷന്
കൈമാറുന്നു
ഷാർജ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കുടിവെള്ളവും ഭക്ഷണവും താമസസൗകര്യവും ഒരുക്കി അനന്തപുരി പ്രവാസി കൂട്ടായ്മ.
മഴ തുടങ്ങിയതു മുതൽ മഴക്കെടുതിയിൽ പെട്ട് പ്രയാസം അനുഭവിക്കുന്നവർക്ക് വേണ്ടി സേവന പ്രവർത്തനങ്ങളിൽ കൂട്ടായ്മ സജീവമാണ്. മഴമൂലം വെള്ളത്തിലായ സ്ഥലങ്ങളിൽ നേരിട്ടും ഷാർജ ഇന്ത്യൻ അസോസിയേഷൻ മുഖേനയും സേവന പ്രവർത്തനങ്ങൾ നടത്തി.
കഴിഞ്ഞദിവസം കൂട്ടായ്മ സമാഹരിച്ച മരുന്നുകൾ ഷാർജ ഇന്ത്യൻ അസോസിയേഷന് കൈമാറി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ പയ്യന്നൂർ, അനീഷ്, ജുഡ്സൻ ജേക്കബ്, അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ആക്ടിങ് പ്രസിഡന്റ് നവാസ് തേക്കട, ജനറൽ സെക്രട്ടറി ഖാൻ പാറയിൽ, പ്രഭാത് നായർ, വനിതാ കൺവീനർ ജ്യോതിലക്ഷ്മി, ബിന്ദ്യ അഭിലാഷ്, അഭിലാഷ് രത്നാകരൻ, ദിലീപ് മുസന്ദം, അസോസിയേഷൻ മുതിർന്ന അംഗം ഹമീദ്, പ്രകാശൻ എന്നിവർ സന്നിഹിതരായിരുന്നു.
മഴബാധിതരെ സഹായിക്കാൻ ‘തദാമുൻ’ പദ്ധതി
ദുബൈ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ‘ജൂദ്’ പ്ലാറ്റ്ഫോം വഴി സംഭാവനകൾ സ്വീകരിക്കുന്ന കാമ്പയിൻ ആരംഭിച്ചതായി ദുബൈ കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി (സി.ഡി.എ) അറിയിച്ചു.
കനത്ത മഴയിൽ ദുരിതത്തിലായ ജനങ്ങൾക്ക് അടിയന്തര സഹായം നൽകുന്നതിന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർദേശപ്രകാരമാണ് കാമ്പയിൻ ആരംഭിച്ചത്.
ശൈഖ് ഹംദാന്റെ നിർദേശപ്രകാരം രൂപവത്കരിച്ച ‘ദുബൈയിലെ കാലാവസ്ഥ ബാധിത പൗരന്മാരെ സഹായിക്കുന്നതിനുള്ള സമിതി’യുടെ കീഴിൽ ആരംഭിച്ച ‘തദാമുൻ’(ഐക്യദാർഢ്യം) കാമ്പയിനിലേക്ക് സ്വകാര്യമേഖല സ്ഥാപനങ്ങൾക്കും ബിസിനസുകാർക്കും സമൂഹത്തിലെ മറ്റു അംഗങ്ങൾക്കും സംഭാവന നൽകാൻ അവസരമൊരുക്കുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വീടും വസ്തുവകകളും നശിച്ച ആളുകളെ സഹായിക്കാനാണ് സംഭാവന ഉപയോഗിക്കുക.
ഭക്ഷണത്തിനും മരുന്നിനും വാട്സ്ആപ്പിൽ ബന്ധപ്പെടാം
ഷാർജ: മഴക്കെടുതിയിൽ വീടുകളിൽ കുടുങ്ങിയ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുമെന്ന് അധികൃതർ. അടിയന്തര ദുരന്തനിവാരണ വകുപ്പ് ഷാർജ സോഷ്യൽ സൊസൈറ്റിക്കാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുള്ളത്. 065015161 എന്ന നമ്പറിൽ വാട്സ്ആപ്പിൽ ഇത്തരം കുടുംബങ്ങളുടെ വിവരങ്ങൾ അറിയിച്ചാൽ സഹായം എത്തിക്കാനുള്ള സംവിധാനമൊരുക്കും.
എമിറേറ്റിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ലക്ഷ്യമിട്ട് ഷാർജ സോഷ്യൽ സർവിസസ് വകുപ്പ് സംഭാവനകൾ നൽകുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സംഭാവനകൾ നൽകുന്നതിന് ‘അമൻ സേഫ്റ്റി നെറ്റ്വർക്’ എന്നപേരിലാണ് സംവിധാനം രൂപപ്പെടുത്തിയത്.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഭാവനകൾ എത്തിക്കാനാവും. പണമായും സോഷ്യൽ സർവിസസ് വകുപ്പിന്റെ ബാങ്ക് അക്കൗണ്ടിലേക്കും +971501088884 നമ്പറിൽ ബന്ധപ്പെട്ടും സംഭാവന ചെയ്യാം. ഭക്ഷണ പദാർഥങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയും സംഭാവന ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.