ദുബൈ: ശൈഖ് സായിദ് റോഡിലെ അതിപ്രശസ്തമായ ‘ടൊയോട്ട ബിൽഡിങ്’ (നാസർ റാശിദ് ലൂത്ത ബിൽഡിങ്) പൊളിച്ചുനീക്കാൻ തീരുമാനിച്ചെങ്കിലും, കെട്ടിടത്തിന് മുകളിലെ ശ്രദ്ധേയമായ ടൊയോട്ട ബോർഡിന്‍റെ പാരമ്പര്യം നിലനിർത്തുമെന്ന് അൽ-ഫുത്തൈം ടൊയോട്ട വ്യക്തമാക്കി. 1974ൽ നിർമിച്ച 15 നിലകളുള്ള ഈ ചരിത്ര കെട്ടിടം 2027-ഓടെയാണ് പൂർണമായി പൊളിച്ചുനീക്കുന്നത്. കെട്ടിടം ഇല്ലാതായാലും ജനങ്ങളുടെ മനസ്സിൽ പതിഞ്ഞ ഈ ചുവപ്പും വെള്ളയും ബോർഡ് നഗരത്തിൽ മറ്റൊരിടത്ത് പുനഃസ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
1981ലാണ് കെട്ടിടത്തിന് മുകളിൽ ആദ്യമായി ഈ പരസ്യബോർഡ് സ്ഥാപിക്കുന്നത്. ശൈഖ് സായിദ് റോഡ് ഇന്നത്തെപ്പോലെ കൂറ്റൻ അംബരചുംബികളാൽ സമൃദ്ധമല്ലാതിരുന്ന കാലത്ത്, വഴിയാത്രക്കാർക്കും താമസക്കാർക്കും നഗരത്തിൽ വഴികാട്ടിയായാണ് ഈ ബോർഡും കെട്ടിടവും അറിയപ്പെട്ടിരുന്നത്. ഡിജിറ്റൽ മാപ്പുകൾ ഇല്ലാതിരുന്ന അക്കാലത്ത് ആളുകൾ മേൽവിലാസങ്ങൾ അടയാളപ്പെടുത്തിയിരുന്നത് ഈ ടൊയോട്ട ബോർഡിനെ അടിസ്ഥാനമാക്കിയായിരുന്നു.
2018ൽ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് പരസ്യബോർഡ് നീക്കം ചെയ്തിരുന്നെങ്കിലും, പ്രവാസികളുടെയും പ്രദേശവാസികളുടെയും ശക്തമായ ആവശ്യത്തെ തുടർന്ന് 2022ൽ അൽ-ഫുത്തൈം ടൊയോട്ട ബോർഡ് പുനഃസ്ഥാപിക്കുകയായിരുന്നു. നഗരത്തിന്‍റെ പഴയ ഓർമകളെ പുതുക്കുന്ന പ്രധാന അടയാളങ്ങളിലൊന്നായി ഈ കെട്ടിടം ഇന്നും നിലകൊള്ളുന്നു. കെട്ടിടത്തിലെ 70 ശതമാനത്തോളം താമസക്കാരും ഇതിനോടകം മുറികൾ ഒഴിഞ്ഞ് പോയിട്ടുണ്ട്.
കെട്ടിടം അപ്രത്യക്ഷമാകുമ്പോഴും ടൊയോട്ട ബോർഡിന്‍റെ പ്രസക്തി ഇല്ലാതാവില്ലെന്ന് അൽ-ഫുത്തൈം ടൊയോട്ട ആൻഡ് ലെക്സസ് മാനേജിങ് ഡയറക്ടർ ജാക്വസ് ബ്രെന്‍റ് പറഞ്ഞു. ബോർഡ് ഇനി എവിടെയായിരിക്കും, ഏത് രീതിയിലായിരിക്കും സ്ഥാപിക്കുക എന്നതിന്‍റെ വിശദാംശങ്ങൾ കമ്പനി ഉടൻ തന്നെ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.