അബൂദബി: യു.എ.ഇയിലെ പൊതുവിദ്യാലയങ്ങളിൽ ജനറൽ, അഡ്വാൻസ്ഡ് സ്ട്രീമുകൾക്കിടയിൽ ട്രാക്ക് മാറുന്ന വിദ്യാർഥികൾക്ക് പുതിയ മാനദണ്ഡങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം. 2026-27 അധ്യയന വർഷത്തെ പാഠ്യ പദ്ധതി പ്രകാരം അധ്യയന വർഷത്തിന്‍റെ തുടക്കത്തിൽ മാത്രമേ ഒരു ട്രാക്കിൽനിന്ന് മറ്റൊന്നിലേക്ക് മാറാൻ അനുവാദമുണ്ടാകൂ. അധ്യയന വർഷം ആരംഭിച്ച ശേഷമുള്ള ആദ്യ രണ്ടാഴ്ചക്ക് ശേഷം യാതൊരു കാരണവശാലും ട്രാക്ക് മാറ്റം അനുവദിക്കില്ല.
ജനറൽ ട്രാക്കിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അഡ്വാൻസ്ഡ് ട്രാക്കിലേക്ക് മാറണമെങ്കിൽ മുൻ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ ഇംഗ്ലീഷ്, ഗണിതം, സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് 80 ശതമാനം മാർക്ക് നേടിയിരിക്കണം.
ഗ്രേഡ് 8 (ജനറൽ): നിശ്ചിത യോഗ്യതയുണ്ടെങ്കിൽ അഡ്വാൻസ്ഡ് ട്രാക്കിലെ ഗ്രേഡ് 9ലേക്ക് മാറാം.
ഗ്രേഡ് 9 (ജനറൽ): യോഗ്യതയുടെ അടിസ്ഥാനത്തിൽ അഡ്വാൻസ്ഡ് ട്രാക്കിലെ ഗ്രേഡ് 10ലേക്ക് പ്രവേശനം നേടാം.
ഉയർന്ന ക്ലാസുകളിൽ നിയന്ത്രണം: ജനറൽ ട്രാക്കിലെ ഗ്രേഡ് 10 വിദ്യാർഥികൾക്ക് ഗ്രേഡ് 11 അഡ്വാൻസ്ഡിലേക്കോ, ഗ്രേഡ് 11ൽ ഉള്ളവർക്ക് ഗ്രേഡ് 12 അഡ്വാൻസ്ഡിലേക്കോ മാറാൻ അനുമതിയുണ്ടാകില്ല. ഈ ക്ലാസുകളിലേക്ക് ആവശ്യമായ സയൻസ് വിഷയങ്ങളിലെ പഠനം പൂർത്തിയാക്കാത്തതിനാലാണിത്.
അഡ്വാൻസ്ഡ് ട്രാക്കിൽ വിജയിക്കുന്ന വിദ്യാർഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം അപേക്ഷ നൽകി ജനറൽ ട്രാക്കിലേക്ക് മാറാൻ അവസരമുണ്ട്. ഗ്രേഡ് 8, 9, 10, 11 ക്ലാസുകളിൽ അഡ്വാൻസ്ഡ് ട്രാക്കിൽ പഠിക്കുന്നവർക്ക് അടുത്ത അധ്യയന വർഷത്തിൽ യഥാക്രമം 9, 10, 11, 12 ക്ലാസുകളിലെ ജനറൽ ട്രാക്കിലേക്ക് മാറാം.
അഡ്വാൻസ്ഡ് ട്രാക്കിൽ പരാജയപ്പെടുന്ന വിദ്യാർഥികളെ സാധാരണയായി ജനറൽ ട്രാക്കിലേക്ക് മാറ്റും. എന്നാൽ, അഡ്വാൻസ്ഡ് ട്രാക്കിൽ തന്നെ തുടർന്ന് പഠിക്കാൻ താല്പര്യപ്പെടുന്നവർക്ക് പ്രത്യേക നിബന്ധനകളോടെ അതേ ക്ലാസ് ആവർത്തിക്കാൻ അപേക്ഷിക്കാം. ഇതിനായി വിദ്യാർഥിയും രക്ഷിതാവും തുടർന്നു വരുന്ന ടേമുകളിൽ വിജയിച്ചുകൊള്ളാമെന്ന് വ്യക്തമാക്കുന്ന രേഖാമൂലമുള്ള സത്യവാങ്മൂലം സമർപ്പിക്കണം.
ഇങ്ങനെ അവസരം നൽകിയിട്ടും ആദ്യ ടേമിൽ വീണ്ടും പരാജയപ്പെട്ടാൽ, രണ്ടാം ടേമിന്റെ തുടക്കത്തിൽ വിദ്യാർഥിയെ നിർബന്ധമായും ജനറൽ ട്രാക്കിലേക്ക് മാറ്റും. സ്ട്രീം മാറ്റം മൂലം കുട്ടികളുടെ പഠനത്തിലുണ്ടാകുന്ന വിടവുകൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം സ്കൂൾ അധികൃതർക്കും വിദ്യാർഥിക്കും രക്ഷിതാക്കൾക്കും ഒരുമിച്ചായിരിക്കും.
അപ്ലൈഡ് ട്രാക്കിൽ പഠിക്കുന്ന ഗ്രേഡ് 12 വിദ്യാർഥികൾക്ക് ഗ്രേഡ് 12 ജനറൽ ട്രാക്കിലേക്ക് മാറാൻ യോഗ്യതയുണ്ടായിരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ട്രാക്ക് മാറ്റം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് സ്കൂൾ കൗൺസിലർമാരുമായും അഡ്മിനിസ്ട്രേഷനുമായും ആലോചിച്ച് വ്യക്തിഗത അക്കാദമിക് മാർഗനിർദേശം തേടണമെന്ന് വിദ്യാലയങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.