എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങളിലൊന്ന്
ദുബൈ: വേനൽക്കാലത്തിന് മുന്നോടിയായി ഡെലിവറി റൈഡർമാർക്കായുള്ള എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങൾ പൂർണ സജ്ജമായതായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കുക, അപകടസാധ്യതകൾ കുറക്കുക, റൈഡർമാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ആർ.ടി.എ ഈ പദ്ധതി നടപ്പാക്കുന്നത്.
ഡെലിവറി റൈഡർമാർക്കുള്ള എയർകണ്ടീഷൻ വിശ്രമകേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികളും ഒരുക്കങ്ങളും പൂർത്തിയായി. ദുബൈയിലെ പ്രധാന മേഖലകളായ ഹെസ്സ സ്ട്രീറ്റ്, അൽ ഖവാനീജ്, അൽ ബർഷ, അൽ സത്വ, ഊദ് മേത്ത, അൽ കറാമ, അർജാൻ എന്നിവയുൾപ്പെടെ വിവിധയിടങ്ങളിലായി 40 ഓളം വിശ്രമകേന്ദ്രങ്ങളാണ് സജ്ജീകരിച്ചത്. റൈഡർമാർക്ക് തങ്ങളുടെ ജോലി സുരക്ഷിതമായും ഫലപ്രദമായും ചെയ്യാനുള്ള മികച്ച അന്തരീക്ഷം ഒരുക്കാനുള്ള ആർ.ടി.എയുടെ പ്രതിബദ്ധതയാണ് ഇതിനുപിന്നിൽ.
സൂര്യപ്രകാശം നേരിട്ട് അകത്തേക്ക് അടിക്കുന്നത് തടയുന്നതിനും ചൂട് കുറയ്ക്കുന്നതിനുമുള്ള പ്രത്യേക സംവിധാനങ്ങളോടെയാണ് വിശ്രമകേന്ദ്രങ്ങളുടെ പുറംഭാഗം രൂപകൽപന ചെയ്തത്. ഓരോ വിശ്രമകേന്ദ്രത്തിലും എയർകണ്ടീഷൻ ചെയ്ത സൗകര്യത്തിന് പുറമെ വാട്ടർ ഡിസ്‌പെൻസറുകളും മൊബൈൽ ഫോൺ ചാർജിങ് സ്റ്റേഷനുകളുമുണ്ട്. ഒരേ സമയം 10 റൈഡർമാർക്ക് വരെ ഇവിടെ വിശ്രമിക്കാനാകും. ഇതിന് പുറമെ ഡെലിവറി മോട്ടോർസൈക്കിളുകൾ പാർക്ക് ചെയ്യാനുള്ള പ്രത്യേക സ്ഥലവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.