അൽഐൻ: 41 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മലപ്പുറം കുമ്പിടി സ്വദേശി ടി.കെ. മുഹമ്മദ് നാട്ടിലേക്കു തിരിക്കുകയാണ്. ടി.കെ എന്ന രണ്ടക്ഷരത്തിലാണ് ഇദ്ദേഹം സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടുന്നത്. 1982 സെപ്റ്റംബർ 16നാണ് ബോംബെ വഴി ദുബൈയിൽ വിമാനമിറങ്ങുന്നത്. ആദ്യ വർഷം ദുബൈയിലും അബൂദബിയിലുമായി ഒരു കടയിലും ഒരു പ്ലാസ്റ്റിക് കമ്പനിയിലും ജോലി ചെയ്തു.
1984 ഫെബ്രുവരി ഒമ്പതിന് ദുബൈ ഇസ്ലാമിക് ബാങ്കിൽ ജോലിക്കു കയറി. തുടർന്നുള്ള 40 വർഷവും വിവിധ തസ്തികകളിലായി ഇതേ ബാങ്കിൽ ജോലിചെയ്തു. പിതാവിന്റെ അസുഖം കാരണം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാതെയാണ് ഗൾഫിലേക്ക് തിരിച്ചതെങ്കിലും ഇംഗ്ലീഷ്, അറബിക് ഭാഷകൾ അനായാസം കൈകാര്യംചെയ്യാൻ പഠിക്കുന്നതും കമ്പ്യൂട്ടർ കൈകാര്യംചെയ്യാൻ പഠിക്കുന്നതും ബാങ്കിൽ ജോലി ലഭിച്ചതിനുശേഷമാണ്. ബാങ്കിൽ ടെലിഫോൺ ഓപറേറ്ററായാണ് ആദ്യ വർഷങ്ങളിൽ ജോലി. പിന്നീട് എ.ടി.എം മെഷീനുകളുടെ ഇൻചാർജായി ജോലി ചെയ്തു. എ.ടി.എം മെഷീനുകളുടെ മേൽനോട്ടം കമ്പനികൾക്കു നൽകിയപ്പോൾ ഐ.ടി സപ്പോർട്ടിങ് സ്റ്റാഫായി ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചു. അവസാന 25 വർഷവും ഇതേ തസ്തികയിലായിരുന്നു ജോലി. ജീവിതത്തിലെ അഭിവൃദ്ധികൾ നേടിയതും ഈ ജോലിയിലൂടെയായിരുന്നു. കുടുംബാംഗങ്ങൾക്കും മറ്റും ആവുന്ന രീതിയിൽ സഹായങ്ങൾ നൽകാൻ സാധിച്ചുവെന്ന സംതൃപ്തിയോടെയാണ് അറുപതാം വയസ്സിൽ നാട്ടിലേക്കു തിരിക്കുന്നത്.
നീണ്ടകാലത്തെ പ്രവാസംകൊണ്ട് സ്വദേശികളും വിദേശികളുമായുള്ള ധാരാളം സൗഹൃദബന്ധങ്ങളും ഇദ്ദേഹം കാത്തുസൂക്ഷിക്കുന്നു. മക്കളുടെ സ്കൂൾ പഠനകാലത്ത് അൽഐനിൽ കുടുംബസമേതമായിരുന്നു താമസം. സന്തുഷ്ടമായ നാലു പതിറ്റാണ്ടിന്റെ പ്രവാസമാണ് ഓർത്തെടുക്കാനുള്ളതെങ്കിലും മാതാപിതാക്കളോടൊപ്പം പ്രവാസത്തിന്റെ ശിഷ്ടകാലം കഴിഞ്ഞുകൂടണമെന്നുള്ള ആഗ്രഹം സാധ്യമായില്ല എന്ന ദുഃഖം മനസ്സിലുണ്ട്. രണ്ടുവർഷം മുമ്പ് പിതാവ് മരിച്ച് പതിനാറാം ദിവസം മാതാവും ഈ ലോകത്തോട് വിടപറഞ്ഞു. ഞായറാഴ്ച ദുബൈയിൽ നടക്കുന്ന കുമ്പിടി പ്രവാസി ജമാഅത്തിന്റെ യാത്രയയപ്പിൽ പങ്കെടുത്തശേഷം ഭാര്യ ഖദീജയോടൊപ്പം നാട്ടിലേക്കു തിരിക്കും. മക്കൾ: ഖത്തറിൽ ബിസിനസ് നടത്തുന്ന അബ്ദുൽ ഷാഫി, സഹീർ മുഹമ്മദ്, ഷാഹിദ, ഷാഹിന.
ടി.കെ. മുഹമ്മദ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.