അബൂദബി: സംഭാവന സ്വീകരിക്കുന്ന എൻഡോവ്മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ്, നടത്തിപ്പ് എന്നിവ വിശദീകരിക്കുന്ന പുതിയ പ്രമേയം പുറത്തിറക്കി അബൂദബി സാമ്പത്തിക വികസന വകുപ്പ് (എ.ഡി.ഡി.ഇ.ഡി). എന്‍ഡോവ്മെന്റ്സ് ആന്‍ഡ് മൈനേഴ്സ് ഫണ്ട്സ് മാനേജ്മെന്റ് അതോറിറ്റി (ഔഖാഫ് അബൂദബി)യുമായി സഹകരിച്ചാണ് എ.ഡി.ഡി.ഇ.ഡി പുതിയ പ്രമേയം അവതരിപ്പിച്ചത്. നിയമപരമായ പദവി, അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍, ലൈസന്സിനാവശ്യമായ മാനദണ്ഡങ്ങള്‍ തുടങ്ങി എന്‍ഡോവ്മെന്റ് സ്ഥാപനങ്ങളുടെ നിർമാണവും ഭരണപരമായ നടത്തിപ്പും അടക്കമുള്ളവക്ക് ആവശ്യമായ നിയമ ചട്ടക്കൂടുകൾ ഉൾക്കൊള്ളുന്നതാണ് പ്രമേയം.
കുടുംബ ഉടമസ്ഥതയിലുള്ള എന്‍ഡോവ്മെന്റ് സ്ഥാപനങ്ങളെ സംബന്ധിച്ച് നിലവിലുള്ള നിയമവുമായി യോജിക്കുന്ന രീതിയിലാണ് പുതിയ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. എൻഡോവ്മെന്റ് സ്ഥാപനങ്ങളെ ഘടനപരമായ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. എന്‍ഡോവ്മെന്റ് സ്ഥാപനങ്ങളുടെ നിയന്ത്രണവും ഉത്തരവാദിത്തവും വര്‍ധിപ്പിക്കുന്നതിന് ശക്തമായ നിരീക്ഷണ, മേല്‍നോട്ട സംവിധാനങ്ങളും പ്രമേയം അവതരിപ്പിക്കുന്നുണ്ട്. നിലവിലെ നിയമങ്ങള്‍, ദാതാക്കളുടെ ഉദ്ദേശ്യങ്ങള്‍, ഗ്രാന്റിന്റെ വിശാലമായ ലക്ഷ്യങ്ങള്‍ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ അപേക്ഷകളും ഔഖാഫ് അബൂദബി അംഗീകരിച്ചിരിക്കണം. എന്‍ഡോവ്മെന്റ് സ്ഥാപനങ്ങള്‍ക്കായി കൂടുതല്‍ വിശദമായ മാര്‍ഗനിർദേശങ്ങളും ചട്ടങ്ങളും പിന്നീട് കൂട്ടിച്ചേര്‍ക്കും.
സ്ഥാപകന്റെയും അതിന്റെ ഗുണഭോക്താക്കളുടെയും പ്രയോജനത്തിനായി ഭരണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരവും സുതാര്യതയും ഉറപ്പാക്കുകയും ഉൽപാദനം, വിദ്യാഭ്യാസം, വ്യാപാരം, ആരോഗ്യ സംരക്ഷണം, കൃഷി, സംസ്കാരം, നവീകരണം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും പുതിയ പ്രമേയം ലക്ഷ്യമിടുന്നു. പുതിയ ചട്ടക്കൂടിന് കീഴിൽ എൻഡോവ്മെന്റ് കമ്പനികൾക്ക് സ്വകാര്യ ഗ്രാന്റുകൾ കൈകാര്യം ചെയ്യാൻ കഴിയും. അതേസമയം എൻഡോവ്മെന്റ് ആസ്തികളുടെ സുസ്ഥിരതയെയും വികാസത്തെയും പിന്തുണക്കുന്ന വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാമ്പത്തിക വരുമാനം വർധിപ്പിക്കാനും പുതിയ പ്രമേയം അനുമതി നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.