കുട്ടികള്‍ക്ക് ഡിജിറ്റല്‍ ലോകത്ത് സുരക്ഷിത തണലൊരുക്കാന്‍ യു.എ.ഇ

അബൂദബി: ഡിജിറ്റല്‍ ലോകത്ത് കുട്ടികളെ ഓണ്‍ലൈന്‍ ഭീഷണികളില്‍നിന്ന് സംരക്ഷിക്കാനും ഉത്തരവാദിത്തമുള്ള ഇന്‍റര്‍നെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കാനുമായി യു.എ.ഇ നടപടികള്‍ ഊര്‍ജിതമാക്കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍, സാങ്കേതിക വിദ്യ കമ്പനികള്‍, കുടുംബങ്ങള്‍, സുരക്ഷാ അതോറിറ്റികള്‍ എന്നിവര്‍ സംയുക്തമായാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

ഡിജിറ്റല്‍ അവബോധം, രക്ഷിതാക്കളുടെ മേല്‍നോട്ടം, സാങ്കേതിക സുരക്ഷാ സംവിധാനങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യല്‍ എന്നിവ സമന്വയിപ്പിച്ചാണിത് നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ ലോകത്തെ വിദ്യാഭ്യാസ-വികസന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

ഇതിന്‍റെ ഭാഗമായി, മിഡില്‍ ഈസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയും ഒമ്പത് രാജ്യങ്ങളിലെ 23 ലക്ഷത്തിലധികം കുട്ടികള്‍ക്ക് നാല് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ സുരക്ഷാ പാഠങ്ങള്‍ പകരുന്നതിനായി ഗൂഗിളിന്‍റെ ജീവകാരുണ്യ വിഭാഗത്തിന് 24 ലക്ഷം ഡോളർ ഗ്രാന്‍റ് പ്രഖ്യാപിച്ചു. ഗൂഗിളിന്‍റെ പ്രത്യേക ഇന്‍റര്‍നെറ്റ് പ്രോഗ്രാമിന്‍റെ അറബിക് പതിപ്പിലൂടെയായിരിക്കും പദ്ധതി നടപ്പാക്കുക. യു.എ.ഇ, ഈജിപ്ത്, മൊറോക്കോ, തുനീഷ്യ, സൗദി അറേബ്യ തുടങ്ങി ഒമ്പത് രാജ്യങ്ങളിലെ കുട്ടികളിലേക്ക് ഈ ആനുകൂല്യം എത്തും.

വിവരങ്ങളുടെ വിശ്വാസ്യത തിരിച്ചറിയാനും വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കാനും ഉത്തരവാദിത്തത്തോടെ പെരുമാറാനും ഡിജിറ്റല്‍ അവബോധം അത്യന്താപേക്ഷിതമാണെന്ന് നാഷനല്‍ മീഡിയ ഓഫീസ് ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ബുട്ടി അല്‍ ഹാമിദ് വ്യക്തമാക്കി. പ്രതിരോധം, അവബോധം, ശാക്തീകരണം എന്നിവ സമന്വയിപ്പിച്ചാണ് കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷയെ സമീപിക്കുന്നതെന്ന് ടി.ഡി.ആര്‍.എ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സഈദ് ബല്‍ഹൂല്‍ പറഞ്ഞു.

കുട്ടികള്‍ക്കും 18 വയസ്സില്‍ താഴെയുള്ളവര്‍ക്കുമായി നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് ഗൂഗിളും യൂട്യൂബും ഒരുക്കിയിട്ടുള്ളതെന്ന് ഗൂഗിള്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക മാനേജിങ് ഡയറക്ടര്‍ ആന്‍റണി നകാഷെ, യൂട്യൂബ് മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക മേധാവി ജാവിദ് അസ്ലനോവ് എന്നിവര്‍ വ്യക്തമാക്കി.

അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ ഡിഫോള്‍ട്ടായി പ്രൈവറ്റ് ആക്കുക, ഓട്ടോപ്ലേയും വ്യക്തിഗത പരസ്യങ്ങളും പ്രവര്‍ത്തനരഹിതമാക്കുക, ‘ഗൂഗിള്‍ ഫാമിലി ലിങ്ക്’, യൂട്യൂബ് ‘ഫാമിലി സെന്‍റര്‍’ തുടങ്ങിയ പാരന്‍റല്‍ കണ്‍ട്രോള്‍ ടൂളുകള്‍ ലഭ്യമാക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യൂട്യൂബ് ഷോട്‌സുകള്‍ കാണുന്നതിന് പ്രതിദിന സമയപരിധി നിശ്ചയിക്കാനും രക്ഷിതാക്കള്‍ക്ക് സാധിക്കും. കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ‘യൂട്യൂബ് കിഡ്‌സ്’ ആപ്പും ലഭ്യമാണ്.

കുട്ടികളെ ഓണ്‍ലൈന്‍ ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി മേഖലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്കൊപ്പം രക്ഷിതാക്കളുടെ മേല്‍നോട്ടം, സാങ്കേതിക സുരക്ഷാ സംവിധാനങ്ങള്‍, ഉടനടിയുള്ള റിപ്പോര്‍ട്ടിങ്, സുരക്ഷാ മുന്നറിയിപ്പുകള്‍ നിരീക്ഷിക്കല്‍ എന്നിങ്ങനെ അബൂദബി പൊലീസ് നാല് പ്രധാന സുരക്ഷാ മുന്‍കരുതലുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

Tags:    
News Summary - UAE to provide a safe digital environment for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.