വ്യാജ ലിങ്കുകള്‍ തുറക്കരുത്; ജാഗ്രത വേണമെന്ന് അബൂദബി പൊലീസ്

അബൂദബി: ഇന്‍റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനുകളില്‍ കാണുന്ന വ്യാജ ലിങ്കുകള്‍, വ്യാജ പരസ്യങ്ങള്‍ എന്നിവ വഴി നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ്. ഉപഭോക്താക്കളെ വ്യാജ വെബ്സൈറ്റുകളിലേക്ക് ആകര്‍ഷിച്ച് വ്യക്തിഗത-സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി തട്ടിപ്പുകാര്‍ ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഡിജിറ്റല്‍ സുരക്ഷ ശക്തമാക്കുന്നതിനുമായി പൊലീസും അബൂദബി കസ്റ്റംസും സംയുക്തമായി നടത്തുന്ന 'പ്രോആക്ടിവ് സെക്യൂരിറ്റി' കാമ്പയിന്‍റെ ഭാഗമായാണ് ജാഗ്രതാ നിര്‍ദേശം. കുറഞ്ഞ നിരക്കില്‍ വിസ സര്‍വീസുകള്‍, വിലക്കുറവില്‍ കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങള്‍, ആകര്‍ഷകമായ ടൂര്‍ പാക്കേജുകള്‍, വമ്പന്‍ വിനോദ പരിപാടികളുടെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍, ഞെട്ടിക്കുന്ന റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടി ഡീലുകള്‍ തുടങ്ങിയവ അടങ്ങുന്ന വാഗ്ദാന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതീവ ജാഗ്രത വേണം. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, അനധികൃത ഇന്‍ഷുറന്‍സ് വിപണനം, വ്യാജ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ്​ ഏജന്‍സികള്‍, പാഴ്സല്‍ ട്രാക്കിങ്, അവിഹിത നിക്ഷേപങ്ങള്‍ തുടങ്ങിയവ വഴിയും വന്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.

പൊതുജനങ്ങളില്‍ വിശ്വാസ്യതയുണ്ടാക്കാന്‍ യഥാർഥമെന്ന് തോന്നിക്കുന്ന ചിത്രങ്ങളും വിവരങ്ങളുമാണ് ഇത്തരം വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്. അതിനാല്‍, പണം കൈമാറുന്നതിന് മുമ്പോ വിവരങ്ങള്‍ നല്‍കുന്നതിന് മുമ്പോ പരസ്യങ്ങളുടെ ഉറവിടം കൃത്യമായി പരിശോധിക്കണം.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, കാര്‍ഡ് വിവരങ്ങള്‍, ഓണ്‍ലൈന്‍ ബാങ്കിങ് പാസ്​ വേഡ്, എ.ടി.എം പിന്‍ നമ്പറുകള്‍, സി.വി.വി കോഡ് തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ആരുമായും പങ്കുവെക്കരുത്. ഔദ്യോഗികവും സര്‍ക്കാര്‍ അംഗീകൃതവുമായ ആപ്ലിക്കേഷനുകളും പ്ലാറ്റ്ഫോമുകളും മാത്രം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി ഉപയോഗിക്കുക.

സംശയാസ്പദമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളോ സൈബര്‍ തട്ടിപ്പ് ശ്രമങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അമാന്‍ സര്‍വീസ് വഴിയോ അബൂദബി പൊലീസ് സ്മാര്‍ട്ട് ആപ്പ് വഴിയോ പരാതിപ്പെടാം.

8002626 എന്ന ടോള്‍ ഫ്രീ നമ്പറിലോ, 2828 എന്ന നമ്പറിലേക്ക് എസ്.എം.എസ് വഴിയോ, aman@adpolice.gov.ae എന്ന ഇമെയില്‍ വഴിയോ വിവരങ്ങള്‍ കൈമാറാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Abu Dhabi Police urges caution against opening fake links

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.