ജീവിക്കാൻ നല്ലത്​ അബൂദബിയും ദുബൈയും തന്നെ

ദുബൈ: പശ്​ചിമേഷ്യ, ആഫ്രിക്ക മേഖലയിൽ ജീവിക്കാൻ എറ്റവും മികച്ച നഗരങ്ങളായി അബൂദബിയും ദുബൈയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എകണോമിക്​ ഇന്‍റലിജൻസ്​ യൂനിറ്റ്​ നടത്തിയ സർവെയിലാണ്​ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്​. കോവിഡ്​ മഹാമാരിയിൽ നിന്ന്​ വളരെ വേഗത്തിൽ മോചിതമാകാൻ സാധിച്ചതും വാക്സി​നേഷൻ ധ്രുതഗതിയിൽ പൂർത്തിയാക്കിയതും ഇരു പട്ടണങ്ങൾക്കും പട്ടികയിൽ മുന്നിലെത്താൻ സഹായകമായി.

2020ലെ ആദ്യ കോവിഡ്​ തരംഗത്തിന് ശേഷം അബുദാബിയും ദുബൈയും മിക്ക അവസരങ്ങളിലും വലിയ നിയന്ത്രണങ്ങളില്ലാതെ തുറന്നുകിടന്നത്​ താരതമ്യേന പെട്ടെന്നുള്ള സാമ്പത്തിക മേഖലയിലെ വീണ്ടെടുക്കലിന്​ സഹായിച്ചെന്ന്​ റിപ്പോർട്ട്​ ചൂണ്ടികാട്ടുന്നു. ഈ വർഷം ജൂണോടെ എല്ലാ വിഭാഗത്തിനും കോവിഡ്​ വാക്സിനേഷൻ പൂർത്തീകരിക്കാനും സാധിച്ചു. ഇതെല്ലാമാണ്​ പ്രതിസന്ധികൾ നിറഞ്ഞ കാലത്തും താമസിക്കാനും ജോലി ചെയ്യാനും ​യോജിച്ച നഗരങ്ങളാക്കി രണ്ടിനെയും മാറ്റിയത്​.

ആഗോള തലത്തിൽ തന്നെ കോവിഡാനന്തരം ഏറ്റവും വേഗത്തിൽ തുറന്ന നഗരമാണ്​ ദുബൈ. അധികാരികൾ നടപ്പിലാക്കിയ കർശനമായ നയങ്ങളിലൂടെ മഹാമാരിയെ നിയന്ത്രിക്കാൻ സാധിച്ചു. മഹാമാരി ദുർബലമായതോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ വിനോദസഞ്ചാരത്തിന്​ വലിയ ഒഴുക്ക്​ രണ്ട്​ എമിറേറ്റുകളിലേക്കുമുണ്ടായി. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആഗസ്റ്റിലെ കണക്കനുസരിച്ച്​ 41 ലക്ഷം ​സന്ദർശകരാണ്​ എത്തിയത്​. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ (34 ലക്ഷം) പിന്നിലാക്കിയാണ്​ ദു​ബൈ ഒന്നാം സ്ഥാനത്തേക്ക്​ കുതിച്ചത്​. ഈ വർഷം ആദ്യ ആറ്​ മാസത്തിനിടെ ദുബൈ വിമാനത്താവളം സ്വീകരിച്ചത്​ 2.79 കോടി യാത്രക്കാരെയാണ്​. 2021ലെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 161.9 ശതമാനം വർധനവാണുണ്ടായത്​. ഈ വർഷം തന്നെ ദുബൈയുടെ ജനസംഖ്യ 35ലക്ഷം പിന്നിടുകയും ചെയ്തു. ഇതെല്ലാം വ്യക്​തമാക്കുന്നത്​ യു.എ.ഇയെ ജീവിക്കാൻ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിച്ചതായാണ്​.

അബൂദബിക്കും ദുബൈക്കും ശേഷം പട്ടികയിൽ കുവൈത്ത്​ സിറ്റി, തെൽഅവീവ്​, ബഹ്​റൈൻ എന്നിവലാണ്​ ഇടംപിടിച്ചിട്ടുള്ളത്​. മേഖലയിൽ ജീവിക്കാൻ ഏറ്റവും പ്രയാസകരമായ നഗരങ്ങൾ ഡമാസ്കസ്​, ലാഗോസ്​, ട്രിപ്പളി തുടങ്ങിയവയാണ്​.

Tags:    
News Summary - Abu Dhabi and Dubai are better places to live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.