ദുബൈ: അത്യാധുനിക റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നതിന് വൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. ബഹിരാകാശരംഗത്തെ മുന്നേറ്റങ്ങൾക്ക് 300 കോടി ദിർഹമിന്‍റെ ഫണ്ട് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ പദ്ധതി വെളിപ്പെടുത്തിയത്. ഫണ്ടിന്‍റെ ആദ്യ നിക്ഷേപമെന്ന നിലയിലാണ് പക്ഷിക്കൂട്ടം എന്നർഥമുള്ള 'സിർബ്' എന്ന പേരിൽ റഡാർ ഉപഗ്രഹ പദ്ധതി രൂപപ്പെടുത്തിയത്. യു.എ.ഇ ബഹിരാകാശ ഏജൻസി നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ നൂതനമായ സിന്തറ്റിക് അപേർച്ചർ റഡാർ (എസ്.എ.ആർ) സാറ്റലൈറ്റ് വികസിപ്പിക്കുന്ന ആദ്യ അറബ് രാജ്യമാകും യു.എ.ഇ. റിമോട്ട് സെൻസിങ്ങിന് കഴിയുന്ന എസ്.എ.ആർ സാങ്കേതികവിദ്യ പരമ്പരാഗത ഇമേജിങ് ഉപഗ്രഹങ്ങളേക്കാൾ ശക്തമായതും കൂടുതൽ കൃത്യമായ ഇമേജിങ് നടത്താൻ കഴിയുന്നതുമാണ്. കാലാവസ്ഥ വ്യതിയാനം, പാരിസ്ഥിതിക സുസ്ഥിരത, മികച്ച ദുരന്തനിവാരണം എന്നീ മേഖലകളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ റഡാർ ഉപഗ്രഹ പദ്ധതി. ഭൂമിയിലുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ സദാ നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകാൻ ശേഷിയുള്ളതാകും ഈ ഉപഗ്രഹങ്ങൾ. ഇതിന് രാത്രിയിലും പകലും ഭൂമിയിൽനിന്നുള്ള വ്യക്തമായ ചിത്രങ്ങൾ പകർത്താനാകും.
കടലിലെ കപ്പലുകളുടെ സഞ്ചാരം മുതൽ എണ്ണ ലീക്കായി പടരുന്നതുവരെ നിരീക്ഷിക്കാം. അതിർത്തി നിരീക്ഷണം, ട്രാഫിക് നിരീക്ഷണം, അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തന ആസൂത്രണം, നഗരാസൂത്രണം, കാർഷിക വിളവ് സംബന്ധിച്ച പഠനം എന്നിവക്കുവരെ ഈ ഉപഗ്രഹങ്ങൾ വിവരം നൽകും. പാരിസ്ഥിതിക കാര്യങ്ങളിൽ നവീകരണത്തെ ത്വരിതപ്പെടുത്തുന്നതോടൊപ്പം സുപ്രധാന മേഖലയിൽ കഴിവുകൾ വികസിപ്പിക്കാൻ ദേശീയ ബഹിരാകാശ ഫണ്ടിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ സായിദ് പ്രസ്താവിച്ചു.
ബഹിരാകാശ മേഖലയിൽ ദേശീയ സ്ഥാപനത്തെ സഹായിക്കുകയും തന്ത്രപരവും ഗവേഷണപരവുമായ പദ്ധതികളെ പിന്തുണക്കുകയും ബഹിരാകാശ സാങ്കേതികവിദ്യയിൽ ഇമാറാത്തി എൻജിനീയറിങ് കേഡറുകളുടെ കഴിവുകൾ വികസിപ്പിക്കുകയുമാണ് ഫണ്ട് ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ട്വിറ്ററിൽ കുറിച്ചു. യുവജനങ്ങൾക്ക് പുതിയ തുറസ്സുകൾ നിറഞ്ഞ ശോഭനമായ ഭാവിക്കായി ആസൂത്രണം ചെയ്തതാണ് പദ്ധതിയെന്ന് പൊതുവിദ്യാഭ്യാസ, അഡ്വാൻസ്ഡ് ടെക്നോളജി സഹമന്ത്രിയും യു.എ.ഇ ബഹിരാകാശ ഏജൻസി ചെയർവുമണുമായ സാറാ ബിൻത് യൂസഫ് അൽ അമീരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.