ദുബൈ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദുബൈ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ വകുപ്പ് പിടിച്ചെടുത്തത് 8.966 ബില്യൺ വിലമതിക്കുന്ന വ്യാജ ഉൽപന്നങ്ങൾ. സാമ്പത്തിക കുറ്റകൃത്യം നടത്തിയ 2,430 പ്രതികളെ അറസ്റ്റ് ചെയ്യുകയും 2,145 കേസുകൾ റിപ്പോർട്ട് ചെയ്തതായും ദുബൈ പൊലീസ് അറിയിച്ചു.
വാണിജ്യ തട്ടിപ്പ്, കള്ളനോട്ട്, നോട്ടിരട്ടിപ്പ്, മന്ത്രവാദം, വ്യാജരേഖ എന്നിവ ഉൾപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സാമ്പത്തിക വിരുദ്ധ കുറ്റകൃത്യ വകുപ്പ് ഡയറക്ടർ കേണൽ സലാഹ് ബലൗസിബ പറഞ്ഞു. ഈ വർഷം മാത്രം വ്യാജ വിരുദ്ധ വിഭാഗം, വഞ്ചന വിരുദ്ധ വിഭാഗം, പൈറസി വിഭാഗം എന്നീ വകുപ്പുകൾ 246 കേസുകൾ രജിസ്റ്റർ ചെയ്തു. 2.55 ബില്യൺ ദിർഹം വിലമതിക്കുന്ന തട്ടിപ്പുകളാണ് അരങ്ങേറിയത്. വ്യാജ വിരുദ്ധ വകുപ്പിൽ 23 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 37 പ്രതികളെ അറസ്റ്റ് ചെയ്തു. ട്രേഡ്മാർക്ക് പങ്കാളികളെ ഏകോപിപ്പിച്ച് കൃത്യമായ കർമപദ്ധതിയിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റ് ചെയ്യാൻ ദുബൈ പ്രത്യേക ശ്രദ്ധ പുലർത്തുന്നതായി ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സാലിം അൽ ജല്ലഫ് പറഞ്ഞു.
വ്യാജ ഉൽപന്നങ്ങൾ കണ്ടുകെട്ടാനുള്ള നവീന രീതികളും ഉപകരണങ്ങളും സായത്തമാക്കാൻ ബ്രാൻഡുകളുടെ പ്രതിനിധികളും സാമ്പത്തികവിരുദ്ധ കുറ്റകൃത്യ വകുപ്പിലെ ഉദ്യോഗസ്ഥരുമായി പതിവ് യോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കാൻ ദുബൈ പൊലീസ് നടത്തിയ അസാധാരണ ശ്രമങ്ങൾക്ക് വിവിധ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വിശ്വാസം നേടിയിട്ടുണ്ടെന്നും ബ്രിഗ് അൽ ജല്ലഫ് ചൂണ്ടിക്കാട്ടി.
സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ വകുപ്പിലെ ഉദ്യോഗസ്ഥരുടെ കഴിവുകൾ വികസിപ്പിക്കാൻ പങ്കാളികളുമായും ട്രേഡ്മാർക്ക് ഏജൻസികളുമായും സഹകരിച്ച് പരിശീലന ശിൽപശാലകൾ സംഘടിപ്പിക്കാൻ ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ശ്രദ്ധപുലർത്തുന്നതായും കേണൽ സലാഹ് ബലൗസിബ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.