ദുബൈ: സ്വകാര്യ വാഹനങ്ങൾ, ക്ലാസിക് വാഹനങ്ങൾ, മോട്ടോർസൈക്കിളുകൾ എന്നിവക്കായി 300 പ്രീമിയം നമ്പർ പ്ലേറ്റുകൾ
ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ലേലം ചെയ്യുന്നു. 82ാമത് ഓൺലൈൻ ലേലം ഫെബ്രുവരി ഒമ്പതിന് ആരംഭിക്കുമെന്ന് അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു. 2, 3, 4, 5 അക്കങ്ങളുള്ള നമ്പർ കോമ്പിനേഷനുകളാണ് ലേലത്തിലുണ്ടാകുക. എച്ച്, ഐ, കെ, എം, എൻ, ഒ, പി, ക്യു, ആർ, എസ്, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, ഇസെഡ് കോഡുകളിലുള്ള നമ്പർ പ്ലേറ്റുകളാണ് സ്വകാര്യ, ക്ലാസിക് വാഹന വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓൺലൈൻ ലേലത്തിനുള്ള രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. ഫെബ്രുവരി ഒമ്പതിന് ബിഡിങ് ആരംഭിച്ച് ഏഴ് ദിവസത്തേക്ക് തുടരും. നമ്പർ പ്ലേറ്റുകളുടെ വിൽപനക്ക് അഞ്ച് ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ബാധകമാണ്. ദുബൈ എമിറേറ്റിൽ ട്രാഫിക് ഫയലുള്ള ഉപഭോക്താക്കൾക്കാണ് ലേലത്തിൽ പങ്കെടുക്കാൻ അർഹത. ലേലത്തിൽ പങ്കെടുക്കുന്നതിന് 5,000 ദിർഹം മൂല്യമുള്ള സെക്യൂരിറ്റി ചെക്കും, 120 ദിർഹമിന്റെ തിരികെ ലഭിക്കാത്ത രജിസ്ട്രേഷൻ ഫീസും നിർബന്ധമാണ്.
രജിസ്ട്രേഷൻ ഫീസ് ഉമ്മു റമൂൾ, അൽ ബർഷ, ദേര എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലോ, ആർ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാവുന്നതാണ്. ലേലം വിജയിക്കുന്നവർ ലേലം അവസാനിച്ച തീയതിയിൽനിന്ന് 10 പ്രവൃത്തി ദിവസങ്ങൾക്കകം പൂർണമായ തുക അടക്കണം. 50,000 ദിർഹം വരെ പണമായി അടക്കാം. അതിലധികം തുകയാണെങ്കിൽ മാനേജർ ചെക്ക് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴിയാണ് പേമെന്റ് അനുവദിക്കുക. അംഗീകൃത സേവന കേന്ദ്രങ്ങളിലൂടെയോ, കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലൂടെയോ, ആർ.ടി.എ വെബ്സൈറ്റ് വഴിയോ പേമെന്റ്
നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.