ആദിവാസി അമ്മമാര്‍ക്ക് തണലൊരുക്കിയ ‘കാര്‍ത്തുമ്പി’ കുടയുടെ പിന്നണിക്കാര്‍ യു.എ.ഇയില്‍

അബൂദബി: പോഷകാഹാരക്കുറവ് കാരണം പിഞ്ചുകുഞ്ഞുങ്ങള്‍ സ്വന്തം കൈകളില്‍ കിടന്ന് മരിക്കുന്നതിന് സാക്ഷിയാവുന്ന അട്ടപ്പാടിയിലെ അമ്മമാരുടെ നെഞ്ചിലെ നൊമ്പരമകറ്റാന്‍ ‘കാര്‍ത്തുമ്പി’ കുടയുടെ തണലൊരുക്കിയ സ്വയംതൊഴില്‍ പദ്ധതിയുടെ അണിയറക്കാര്‍ യു.എ.ഇയില്‍. ഗോത്ര വിദ്യാഭ്യാസ വികസന ഗവേഷണ കേന്ദ്രമായ തമ്പ്, അട്ടപ്പാടി മേഖലയിലെ കൂട്ടായ്മയായ ‘കാര്‍ത്തുമ്പി’ എന്നിവയുടെ പ്രതിനിധികളാണ് യു.എ.ഇ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം തുടങ്ങി വിജയം കൈവരിച്ച കുടനിര്‍മാണ സംരംഭം വിപുലപ്പെടുത്തുക എന്നതാണ് ഇവരുടെ സന്ദര്‍ശന ഉദ്ദേശ്യം.
കഴിഞ്ഞ വര്‍ഷം 50 അമ്മമാര്‍ ചേര്‍ന്ന് 1000 കുടകളാണ് ‘കാര്‍ത്തുമ്പി’ എന്ന പേരില്‍ നിര്‍മിച്ചത്. വീടുകളില്‍ തന്നെയായിരുന്നു നിര്‍മാണം. ‘പീസ്’ എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയുടെ സഹായത്തോടെ പദ്ധതിക്കായി യു.എ.ഇയിലെ 17 പേരില്‍നിന്ന് പണം ശേഖരിച്ചാണ് മൂലധനം കണ്ടത്തെിയത്. നിര്‍മിച്ച എല്ലാ കുടകളും വിറ്റുപോയി. കുട ഒന്നിന് ഓരോ അമ്മമാര്‍ക്കും 50 രൂപ വിതം നല്‍കാന്‍ സാധിച്ചു. മുതല്‍മുടക്കിലേക്ക് പണം നല്‍കിയ എല്ലാവര്‍ക്കും തുക തിരിച്ചുകൊടുക്കുകയും ചെയ്തു.
പട്ടിണിയും കുടിവെള്ളക്ഷാമവും മൂലം പ്രയാസത്തിലായ അട്ടപ്പാടിയിലെ ആദിവാസി അമ്മമാര്‍ക്ക് കുടനിര്‍മാണത്തിലൂടെ കിട്ടിയ വേതനം വലിയ ആശ്വാസമായി എന്ന തിരിച്ചറിവിലാണ് പിന്തുണയുമായി കൂടെ നിന്നവര്‍ ഈ വര്‍ഷം സംരംഭം വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്. 30,000 മുതല്‍ 50,000 വരെ കുടകള്‍ നിര്‍മിക്കാനാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നത്.  ഇതിന്‍െറ ആദ്യ ഘട്ടത്തില്‍ 15,000 കുടകള്‍ നിര്‍മിച്ച് വിപണിയിലത്തെിക്കും. കഴിഞ്ഞ വര്‍ഷത്തെ 50 ആദിവാസി അമ്മമാര്‍ക്ക് പുറമെ 150 പേര്‍ക്ക് കൂടി ഇതിനായി പരിശീലനം നല്‍കുമെന്ന് യു.എ.ഇ സന്ദര്‍ശിക്കുന്ന ട്രൈബല്‍ ട്രെയിനര്‍ കെ.എ. രാമു അറിയിച്ചു. ഒരു അമ്മക്ക് ദിവസം 500 രൂപ വേതനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ തവണ വീടുകളിലായിരുന്നു നിര്‍മാണമെങ്കില്‍ ഇത്തവണ കമ്യൂണിറ്റി സെന്‍ററുകളിലേക്ക് മാറ്റാനാണ് ഉദ്ദേശ്യം. ഇതിന് പഞ്ചായത്ത് അധികൃതരുടെയും മറ്റും സഹകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു.
കൃത്യമായ മാര്‍ക്കറ്റിങ് നയവും സംഘം മുന്നോട്ട് വെക്കുന്നുണ്ട്. കേരളത്തിലെ 14 ജില്ലകളിലെ 25 കോളജ് കാമ്പസുകളില്‍ നിന്ന് പ്രീ കൂപ്പണുകള്‍ വഴി 100 രൂപ വീതം മുന്‍കൂര്‍ വാങ്ങിയിട്ടുണ്ട്. സന്നദ്ധ സംഘടനകളെയും സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അനുഭവം കണക്കിലെടുത്താല്‍ കുടകളുടെ വില്‍പന ഒരു പ്രശ്നമല്ളെന്ന് സംഘാംഗങ്ങള്‍ പറയുന്നു.  സംരംഭം വിപുലപ്പെടുത്തുന്നതിന് ആവശ്യമായ മൂലധനം തേടിയാണ് പ്രതിനിധികള്‍ ഇപ്പോള്‍ യു.എ.ഇ സന്ദര്‍ശിക്കുന്നത്. ഒരാളില്‍നിന്ന് 500 ദിര്‍ഹം മൂലധനമായി വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ‘തമ്പ്’ പ്രസിഡന്‍റും ആദിവാസി ആക്ടിവിസ്റ്റും ഗോത്രഭൂമി മാസികയുടെ പത്രാധിപരുമായ രാജേന്ദ്രപ്രസാദ് അറിയിച്ചു. തുക നല്‍കുന്നവര്‍ക്ക് ‘തമ്പ്’ രശീതി നല്‍കും. കുടവിപണനത്തിന് ശേഷം ഓരോരുത്തര്‍ക്കും അവരവരുടെ പണം മടക്കി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.