ഷാര്‍ജയില്‍ കുറ്റകൃത്യങ്ങളും അപകട മരണങ്ങളും  കുറഞ്ഞു;  ലഹരിമരുന്ന് കേസുകള്‍ വര്‍ധിക്കുന്നു

ഷാര്‍ജ: ഷാര്‍ജയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നെങ്കിലും ലഹരിമരുന്ന് കേസുകള്‍ വര്‍ധിക്കുകയാണെന്ന് ഷാര്‍ജ പൊലീസ്. പോയ-നടപ്പ് വര്‍ഷ കണക്കുകള്‍ നിരത്തിയാണ് പൊലീസ് ഇതിനെ കുറിച്ച് വിശദികരിച്ചത്.  
വീട്ടിലെ കൗമാരക്കാര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന വിവരം ബന്ധുക്കള്‍ പൊലീസിന് കൈമാറിയാല്‍ നിയമനടപടി ഒഴിവാക്കി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ സംവിധാനം ഒരുക്കുമെന്നും പൊലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
2015നെ അപേക്ഷിച്ച് 2016ല്‍ മയക്കുമരുന്ന് കേസുകളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്‍െറ വര്‍ധന രേഖപ്പെടുത്തിയതായി ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സെയ്ഫ് അല്‍ സഅരി ആല്‍ ശംസി പറഞ്ഞു. 453 ലഹരിമരുന്ന് കേസുകളാണ് 2015 ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 
കഴിഞ്ഞവര്‍ഷം ഇത് 643 ആയി ഉയര്‍ന്നു. ലഹരി വിപത്ത് തടയാന്‍ സ്കൂളുകളും സര്‍വകലാശാലകളും കേന്ദ്രീകരിച്ച് ബോധവല്‍കരണം ശക്തമാക്കും. 
വീട്ടിലെ കൗമാരക്കാര്‍ ലഹരി ഉപയോഗിക്കുന്ന വിവരം ബന്ധുക്കള്‍ പൊലീസിന് കൈമാറിയാല്‍ കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കാത്ത വിധം പൊലീസ്  കൈകാര്യം ചെയ്യും. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പകരം അവരെ ലഹരിയില്‍ നിന്ന് മോചിപ്പിക്കുന്ന നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കും. 
പോയവര്‍ഷങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ പൊതുവെ 9.77 ശതമാനത്തിന്‍െറ കുറവ് രേഖപ്പെടുത്തി. 15, 114 ക്രിമിനല്‍ കേസുകള്‍ എന്നത് കഴിഞ്ഞവര്‍ഷം 13,638 കേസായി കുറഞ്ഞു. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം 17.6 ശതമാനം കുറഞ്ഞു. 
159 പേര്‍ 2015ല്‍ ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം ഇത് 131 പേരായിരുന്നു. ഷാര്‍ജ നഗരത്തില്‍ 500 പുതിയ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്നും നിരീക്ഷണ സംവിധാനമുള്ള പത്ത് പുതിയ പട്രോളിങ് വാഹനങ്ങള്‍ നിരത്തിലിറക്കുമെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.