അബൂദബിയില്‍ വിദേശികള്‍ക്ക്  താമസ ഫീസ് ഏര്‍പ്പെടുത്തി

അബൂദബി: അബൂദബി എമിറേറ്റില്‍ താമസിക്കുന്ന എല്ലാ വിദേശികള്‍ക്കും നഗരസഭ താമസ ഫീസ് ഏര്‍പ്പെടുത്തി. താമസയിടത്തിന്‍െറ വാര്‍ഷിക വാടകയുടെ മൂന്ന് ശതമാനമാണ് ഫീസ്. ഫീസ് സംബന്ധിച്ച നിയമത്തിന് 2016 ഫെബ്രുവരി മുതല്‍ പ്രാബല്യമുള്ളതിനാല്‍ ഈ വര്‍ഷത്തെ മാത്രമല്ല 2016ലെ 11 മാസത്തെ ഫീസ് കൂടി അടക്കേണ്ടി വരും. അബൂദബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി (എ.ഡി.സി) വൈദ്യൂതി, വെള്ളം തുടങ്ങിയവക്കുള്ള ഫീസിനൊപ്പം ഈ ഫീസ് കൂടി ചേര്‍ത്തായിരിക്കും ഇനി ബില്ല് നല്‍കുക. 
താമസ ഫീസ് ഈടാക്കുന്നത് സംബന്ധിച്ച നിയമം 2016 ഫെബ്രുവരിയിലെ ഒൗദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിനാലാണ് കഴിഞ്ഞ 11 മാസത്തെ ഫീസ് കൂടി ഈടാക്കുന്നത്. 11 മാസത്തെ ഫീസ് ഒന്നിച്ച് അടക്കേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, 2017 ജനുവരി മുതലുള്ള ഫീസ് മാസത്തവണകളായി അടച്ചാല്‍ മതി. കെട്ടിടങ്ങളിലെ താമസക്കാര്‍ക്ക് മാത്രമാണ് ഈ ഫീസ് ബാധകം. ഉടമകള്‍ക്ക് ബാധകമല്ല.
ജീവിതച്ചെലവ് ഉയരുകയും അതിന് അനുസൃതമായി ശമ്പളവര്‍ധന ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ ഫീസിനെ കുറിച്ച് വിദേശികള്‍ ആശങ്ക പ്രകടിപ്പിച്ചു. 
ജീവിതച്ചെലവ് കുറക്കാന്‍ ജീവനക്കാര്‍ കുടുംബത്തെ നാട്ടിലേക്ക് പറഞ്ഞയക്കുകയും ചെലവ് കുറഞ്ഞ താമസയിടങ്ങളിലേക്ക് മാറുകയും ചെയ്യവേ ഫീസ് റിയല്‍ എസ്റ്റേറ്റ്  മേഖലയെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഊര്‍ജ-ബാങ്കിങ് മേഖലകളിലെ ജോലി നഷ്ടപ്പെടല്‍ കാരണം ആവശ്യക്കാര്‍ കുറഞ്ഞ് താമസയിടങ്ങളുടെ വാടക കഴിഞ്ഞ വര്‍ഷം അഞ്ച് ശതമാനത്തോളം കുറഞ്ഞിരുന്നു. ഫീസ് ഏര്‍പ്പെടുത്തുന്നതോടെ താമസക്കാര്‍ കെട്ടിട ഉടമകളില്‍ സമ്മര്‍ദം ചെലുത്തുമെന്നും ഇതു കാരണം കെട്ടിട ഉടമകള്‍ വാടക കുറക്കാന്‍ നിര്‍ബന്ധിതരാകുമെന്നും മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.
താമസ ഫീസ് ഏര്‍പ്പെടുത്തുന്നത് മൂലം സര്‍ക്കാറിന്‍െറ വരുമാനം പ്രതിവര്‍ഷം 61.2 കോടി ദിര്‍ഹം വര്‍ധിക്കുമെന്ന് നാഷനല്‍ ബാങ്ക് ഓഫ് അബൂദബി കണക്കാക്കുന്നു. എണ്ണവില ഇടിഞ്ഞതോടെ ജി.സി.സി രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ വിവിധ വരുമാന സ്രോതസ്സുകള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ജി.സി.സി തലത്തില്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനുള്ള ആലോചന ഇതിന്‍െറ ഭാഗമാണ്. അബൂദബി സര്‍ക്കാര്‍ ഈയിടെ വിനോദസഞ്ചാര മേഖലയിലും പുതിയ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.