ദുബൈ: കേന്ദ്രീകൃത സംവിധാനങ്ങളില്‍ നിന്ന് കുഴല്‍വഴി കെട്ടിടങ്ങള്‍ ശീതീകരിക്കുന്ന ഡിസ്ട്രിക്ട് കൂളിങ് രീതി ദുബൈയില്‍ വ്യാപകമാകുന്നു. ഈ രംഗത്ത് ലോകത്തെ തന്നെ ഏറ്റവും വലിയ സേവന ദാതാക്കളായ ദുബൈയിലെ എംപവര്‍ എനര്‍ജി സൊല്യൂഷന്‍സ് സി.ഇ.ഒ അഹമ്മദ് ബിന്‍ ഷഫര്‍ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ച കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2015ല്‍ 810 കെട്ടിടങ്ങളിലാണ് ഡിസ്ട്രിക്ട് കൂളിങ് സംവിധാനം ഏര്‍പ്പെടുത്തിയതെങ്കില്‍ 2016ല്‍ അത് 920 ആയി. 65,000 ത്തിലേറെ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.
ദുബൈയുടെ വിവിധ ഭാഗങ്ങളിലായി 69 ശീതീകരണ പ്ളാന്‍റുകളാണ് എംപവറിന് ഉള്ളത്. ഊര്‍ജ സംരക്ഷണം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, ഹരിത സമ്പദ്ഘടനയുടെ പരിപോഷണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്രീകൃത ശീതീകരണ സംവിധാനം വ്യാപകമാക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തീരുമാനിച്ചത്.
2016ല്‍ കമ്പനിയുടെ അറ്റാദായം 64.10 കോടി ദിര്‍ഹമാണ്. ആകെ വരുമാനം 184 കോടി ദിര്‍ഹവും. വര്‍ഷം തോറും 11 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ദുബൈയിലെ പ്രമുഖമായ നിരവധി കെട്ടിടങ്ങളിലെ ശീതീകരണം ഇപ്പോള്‍ എംപവറാണ് നടത്തുന്നത്. ജലം, വൈദ്യൂതി എന്നിവ പോലെ തണുപ്പും കുഴല്‍വഴി വിതരണം ചെയ്ത് ബില്ല് ചെയ്യുന്നതാണ് എംപവറിന്‍െറ രീതി.
വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് ബിസിനസ് ബേയില്‍ മൂന്നാമത്തെ ശീതീകരണ പ്ളാന്‍റ് നിര്‍മാണം ആരംഭിച്ചിട്ടുണ്ടെന്നും അഹമ്മദ് ബിന്‍ ഷഫര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.