ദുബൈ: മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി ജുമൈറയില്‍ ശൈഖ് സായിദ് റോഡരികില്‍ ഭാവി നഗരം നിര്‍മിക്കുന്നു. 47 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന പദ്ധതിക്ക് ‘ജുമൈറ സെന്‍ട്രല്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.
യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ട്വിറ്ററിലൂടെ പദ്ധതി പ്രഖ്യാപനം നടത്തിയത്.
കേബ്ള്‍ കാറുകള്‍ ഉള്‍പ്പെടെ അത്യാധുനിക ഗതാഗത സൗകര്യങ്ങളായിരിക്കും ജുമൈറ സെന്‍ട്രലിലുണ്ടാവുക. ദുബൈ ഹോള്‍ഡിങ് യാഥാര്‍ഥ്യമാക്കുന്ന പദ്ധതിയില്‍ മൂന്ന് ഷോപ്പിങ് മാളുകളുണ്ടാകും. 35,000 പേര്‍ക്ക് താമസ സൗകര്യവും ഒരുക്കും. പദ്ധതിയുടെ പകുതി ഭാഗവും തുറസായ സ്ഥലമായിരിക്കും. താപനില നിയന്ത്രിക്കാന്‍ സംവിധാനമുള്ള 10 ലക്ഷം ചതുരശ്ര അടി സ്ഥലമായിരിക്കും ഇതിനായി നീക്കിവെക്കുക. ഇതുവഴി എല്ലാ സീസണിലും മികച്ച ജീവിത സാഹചര്യമായിരിക്കും ഇവിടെ ലഭ്യമാവുക. റീട്ടെയില്‍ സ്ഥാപനങ്ങളും വിനോദോപാധികളും ഉണ്ടാകും.
സൈക്കിള്‍ പാത വഴി ബന്ധിപ്പിക്കുന്ന 33 പാര്‍ക്കുകള്‍ സംവിധാനിക്കും. ശൈഖ് സായിദ് റോഡില്‍ നിന്ന് ജുമൈറ സെന്‍ട്രാലിലേക്ക് 25 ഇടങ്ങളില്‍ വാഹന സൗകര്യമുണ്ടാകും.
ദുബൈയുടെ വികസന കുതിപ്പില്‍ നാഴികക്കല്ലായി പദ്ധതി മാറുമെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ഭാവി നഗരം എങ്ങനെയായിരിക്കണമെന്ന് ദുബൈ ലോകത്തിന് കാണിച്ചുകൊടുക്കും. മൂന്ന് മാളുകളിലുമായി ഒമ്പത് ദശലക്ഷം ചതുരശ്ര അടി റീട്ടെയില്‍ സ്പേസാണുണ്ടാവുക. 44,000 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാം. 7200 ഹോട്ടല്‍ മുറികളുമുണ്ടാവും. പരിസ്ഥിതി സൗഹൃദമായ നിരവധി ഗതാഗത സംവിധാനങ്ങളായിരിക്കും പദ്ധതിയുടെ പ്രധാന ആകര്‍ഷണം. 19 സര്‍ക്കാര്‍- സ്വകാര്യ ഏജന്‍സികള്‍ രണ്ടുവര്‍ഷമെടുത്താണ് പദ്ധതി രൂപകല്‍പന ചെയ്തത്.
പദ്ധതി പ്രഖ്യാപന ചടങ്ങില്‍ ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ ഹോള്‍ഡിങ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി, വൈസ് ചെയര്‍മാന്‍ അഹ്മദ് ബിന്‍ ബയാത്ത്, ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഫാദില്‍ അല്‍ അലി, ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ഹുദ ബുഹുമൈദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.