പ്രവാസികള്‍ ഒഴുകിയെത്തി; ജാസിമിന് മരണാനന്തര ബഹുമതി സമര്‍പ്പിച്ചു

റാസല്‍ഖൈമ: ത്യാഗത്തിന്‍െറയും അര്‍പ്പണ മനോഭാവത്തിന്‍െറയും പ്രതീകമായി മാറി അറബ് ധീരതയുടെ പര്യായമായ ദുബൈ വിമാനത്താവളത്തിലെ അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ ജാസിം ഈസ അല്‍ ബലൂഷിക്ക് യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാരുടെ സ്നേഹാദരം. ധീര രക്തസാക്ഷിയുടെ സ്മരണകള്‍ തുടിച്ചു നിന്ന അന്തരീക്ഷത്തില്‍ കേരള കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ജാസിമിന്‍െറ പിതാവ് ഈസഹസന്‍ അല്‍ ബലൂഷിക്ക് മരണാനന്തരബഹുമതി സമ്മാനിച്ചു. "ഗള്‍ഫ് മാധ്യമ'ത്തിന്‍െറയും "മീഡിയവണി'ന്‍െറയും നേതൃത്വത്തില്‍ യു.എ.ഇ സാംസ്കാരി ക വിജ്ഞാന വികസന മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ റാസല്‍ഖൈമ കള്‍ചറല്‍ സെന്‍ററില്‍ വ്യാഴാഴ്ച രാത്രി ഒമ്പതിന് നടന്ന പരിപാടി പ്രവാസി ഇന്ത്യക്കാരുടെയും അറബ് സമൂഹത്തിന്‍െറയും നിറഞ്ഞ സദസ്സിന്‍െറ സാന്നിധ്യത്തിലായിരുന്നു.

വിവിധ പ്രവാസി സംഘടനാ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍െറ സന്ദേശം അദ്ദേഹം വായിച്ചു. കേരള സര്‍ക്കാറിന്‍െറ ഉപഹാരം അദ്ദേഹം ജാസിമിന്‍െറ കുടുംബത്തിന് കൈമാറി. പിതാവ് ഈസ ഹസന്‍ അല്‍ ബലൂഷിയും ജാസിമിന്‍െറ സഹോദരങ്ങളായ സല്‍മാനും ഹാരിബും ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു.

റാസല്‍ഖൈമ സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്‍മാന്‍ എന്‍ജിനിയര്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ ആല്‍ഖാസിമി മുഖ്യാതിഥിയായിരുന്നു. ഗള്‍ഫ് മാധ്യമം, മീഡിയവണ്‍ ഉപഹാരം അദ്ദേഹംജാസിമിന്‍െറ കുടുംബത്തിന് കൈമാറി. എമിറേറ്റ്സ് എയര്‍ലൈന്‍സ് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ ഹാശിമി, ദുബൈ വിമാനത്താവളം ചീഫ് ഫയര്‍ ഓഫിസര്‍ ഹൈദാന്‍ ബിന്‍യൂന്‍, സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫിസര്‍ ഇബ്രാഹിം ഖസ്റജ്, ദുബൈ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മേജര്‍ ഫൈസല്‍ അബ്ദുല്ല അല്‍ ശീഹി, മീഡിയവണ്‍ഡയറക്ടര്‍മാരായ ഡോ. അഹ്മദ്, അബൂബക്കര്‍, മീഡിയവണ്‍ ഗള്‍ഫ് ചെയര്‍മാന്‍ ബിശ്റുദ്ദീന്‍ ശര്‍ഖി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അറബ് കവി ശിഹാബ് ഗാനിം രചിച്ച് ഹിശാം അബ്ദുസ്സലാം ഈണമിട്ട അറബി കവിത മീനാക്ഷി ജയകുമാര്‍ ആലപിച്ചു. വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരുടെ പ്രതിനിധി ഡോ. ഷാജി സംസാരിച്ചു. ജാസിമിന്‍െറ പിതാവ് ഈസ അല്‍ ബലൂഷി നന്ദി പറഞ്ഞു. റാസല്‍ഖൈമയിലെ "ഗള്‍ഫ് മാധ്യമം വിചാരവേദി' പ്രവര്‍ത്തകരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.