മുഹമ്മദ് ബിന്‍ സായിദ് റോഡില്‍  ഗതാഗതത്തിന് മൂന്നുവരി കൂടി

ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വീതികൂട്ടല്‍ പദ്ധതിയുടെ ഭാഗമായി പണിത പുതിയ  മൂന്നു വരി കൂടി വെള്ളിയാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു. അബൂദബി ദിശയില്‍  അല്‍ യലായിസ് റോഡ് ജങ്ഷന്‍ മുതല്‍ ജബല്‍ അലി ലെഹ്ബാബ് റൗണ്ടബൗട്ട് വരെ ഇതോടെ മൊത്തം ആറു വരിയായി.ഏറെ തിരക്കുള്ള ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക്  ആശ്വാസമാകും ഇത്. 
പ്രത്യേകിച്ച് അല്‍ ഹൂദ് റൗണ്ടബൗട്ടില്‍ നിന്നു അബൂദബി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക്.  
അല്‍ യലായിസ് റോഡ് ജങ്ഷന്‍ ഇന്‍റര്‍ചേഞ്ച് പ്രൊജക്ട് പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. നാലു ഘട്ടമുള്ള പദ്ധതി നവംബര്‍ അവസാനത്തോടെ പൂര്‍ണമാകുമെന്ന് ആര്‍.ടി.എ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സി റോഡ് വിഭാഗം ഡയറക്ടര്‍ നബീല്‍ മുഹമ്മദ് സാലിഹ് പറഞ്ഞു.  
കഴിഞ്ഞ ഫെബ്രുവരിയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വീതികൂട്ടല്‍ പദ്ധതിയില്‍ ദുബൈ ദിശയില്‍ ആല്‍മക്തൂം വിമാനത്താവള റൗണ്ടബൗട്ട് മുതല്‍ ജബല്‍ അലി ലെഹ്ബാബ് റൗണ്ടബൗട്ടില്‍ മൂന്നുവരി പുതിയ പാത ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു.  
ഇപ്പോള്‍ അബൂദബി ദിശയിലേക്കും വികസനം പൂര്‍ത്തിയായതോടെ ഇരുവശത്തേക്കും ആറുവരി പാതയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.