നൊമ്പരമായി ജാസിം നിറഞ്ഞു; വാക്കു മുറിഞ്ഞ് പിതാവ്

റാസല്‍ഖൈമ: പ്രിയ പുത്രന്‍െറ രക്തസാക്ഷിത്വത്തെ മനസാന്നിധ്യത്തോടെ നേരിട്ട പിതാവ് ഈസ ബലൂഷി ഇന്ത്യന്‍ സമൂഹത്തിന്‍െറ മരണാനന്തര ബഹുമതി ഏറ്റുവാങ്ങല്‍ ചടങ്ങില്‍ ഏറെ വികാരാധീനനായി. ബഹുമതി ഏറ്റുവാങ്ങിയ അദ്ദേഹം വാക്കുകള്‍ കിട്ടാതെ വിഷമസന്ധിയിലായി. തുടര്‍ന്ന് ജാസിമിന്‍െറ സഹോദരന്‍ സല്‍മാനാണ് അദ്ദേഹത്തിനായി സംസാരിച്ചത്. സ്വന്തം കര്‍മം ഭദ്രമാക്കി പടച്ചവന്‍െറ അടുത്തേക്ക് യാത്രയായ  സഹോദരന്‍ ജാസിമിന് വേണ്ടി ഈ സന്ദര്‍ഭത്തില്‍ താന്‍ പ്രാര്‍ഥിക്കുന്നതായി സല്‍മാന്‍ പറഞ്ഞു. ധീരതയുടെയും മഹത്വത്തിന്‍െറയും പ്രതീകമായിരുന്നു ജാസിമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികാരം പ്രകടിപ്പിക്കാന്‍ കഴിയാത്ത  പരിപാടിയാണിതെന്ന് റാസല്‍ഖൈമ സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ എന്‍ജിനീയര്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി പറഞ്ഞു. മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിന്‍െറ മാര്‍ഗത്തില്‍ സ്വന്തം ജീവന്‍ അര്‍പ്പിച്ച ജാസിം ഈസ അല്‍ ബലൂഷി മഹാന്മാരുടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.ഒപ്പം യു.എ.ഇയും റാസല്‍ഖൈമയും. സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ എന്നും യു.എ.ഇ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയും യു.എ.ഇയും തമ്മില്‍ വലിയ ബന്ധമാണ് പണ്ടുമുതല്‍ക്കേ ഉള്ളത്.

എല്ലാറ്റിലും ഉപരി ഇന്ത്യന്‍ ജനത യു.എ.ഇയിലെ എല്ലാ സാമൂഹികപ്രവര്‍ത്തനങ്ങളിലും സഹകരിക്കുന്നു. മനുഷ്യ ജീവന് വേണ്ടി ജീവാര്‍പ്പണം ചെയ്ത ജാസിമിന്‍െറ സ്വര്‍ഗപ്രവേശനത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഒപ്പം ഇത്ര മഹനായ ഒരു മകനെ യു.എ.ഇക്ക് സംഭാവന ചെയ്ത അദ്ദേഹത്തിന്‍െറ മാതാപിതാക്കള്‍ക്കും. 200ല്‍പരം പേരെ വിമാനത്തില്‍ നിന്ന് പെട്ടെന്ന് രക്ഷപ്പെടുത്തുക നിസാര കാര്യമല്ല. രാഷ്ട്രത്തിന്‍െറ സുരക്ഷാ സന്നാഹത്തിന്‍െറ ശ്രദ്ധയും വിജയവുമാണ് ഇതിലൂടെ നടന്നത്. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന യു.എ.ഇയുടെ വിജയത്തിന് വേണ്ടി ഏവരും പ്രാര്‍ഥിക്കണമെന്ന് ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി അഭ്യര്‍ഥിച്ചു.

ചടങ്ങില്‍ സംസാരിക്കുന്ന ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ്, റാക് സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്‍മാന്‍ എന്‍ജിനിയര്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി
 

മനുഷ്യത്വത്തിന്‍െറ മാര്‍ഗത്തില്‍ രക്തസാക്ഷിയായ  ജാസിമിന്‍െറ കുടുംബത്തിനായി അനുശോചനം അറിയിച്ചാണ് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് അധ്യക്ഷ പ്രസംഗം തുടങ്ങിയത്. കൃത്യനിര്‍വഹണത്തിനിടയിലാണ് അദ്ദേഹം ജീവത്യാഗം ചെയ്തത്. കുടുംബത്തിനും ബന്ധുക്കള്‍ക്കായും പ്രാര്‍ഥിക്കുന്നു. രാജ്യത്ത് നടക്കുന്ന എല്ലാ സേവന പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായീരുന്ന അദ്ദേഹം ജാസിമുല്‍ ഹൈര്‍ എന്ന അപരനാമത്തിനര്‍ഹനായിരുന്നു. സഹജീവികള്‍ക്കായി എപ്പോഴും സഹായഹസ്തം നീട്ടിയിരുന്ന വ്യക്തിയായിരുന്നു.

കേരളത്തില്‍ നിന്നത്തെിയ മലയാളികളെ സ്വാഗതം ചെയ്ത കവാടമായിരുന്നു റാസല്‍ഖൈമ. റാസല്‍ഖൈമ അവരുടെ ആശയുടെയും പ്രതാപത്തിന്‍െറയും പ്രതീക്ഷയുടെയും കേന്ദ്രമായിരുന്നു. അദ്ദേഹത്തിന്‍െറ നിത്യസ്മരണക്കായി ജാസിമിന്‍െറ നാമധേയത്തില്‍ റോഡ് നിര്‍മിക്കാന്‍ അധികൃതരോട് അഭ്യര്‍ഥിക്കുന്നതായും ഹംസ അബ്ബാസ് പറഞ്ഞു. ജീവത്യാഗത്തിന്‍െറ മഹത്തായ കഥയാണ് ജാസിം നമുക്ക് പറഞ്ഞ് തരുന്നതെന്ന്  റാക് കള്‍ച്ചറല്‍ ആന്‍റ് നോളേജ് ഡെവലപ്പ്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ സാലിഹ് അല്‍യൂന്‍ പറഞ്ഞു. അതിനാല്‍ തന്നെ അദ്ദേഹം എന്നെന്നും ഓര്‍മിക്കപ്പെടും. യു.എ.ഇയുടെ ഭരണാധികാരിയായിരുന്ന ശൈഖ് സായിദ് ഇവിടുത്തെ പൗരന്മാരില്‍ നട്ടുവളര്‍ത്തിയ ധര്‍മബോധവും സ്വഭാവ ഗുണവുമാണ് ജാസിമിനെപോലുള്ളവരെ സൃഷ്ടിക്കുന്നത്. രാജ്യ സേവനത്തിന്‍െറയും മാനവികതയുടെയും പാതയില്‍ രാജ്യം ഇത്തരം പൗരന്മാരെകൊണ്ടാണ് അറിയപ്പെടുകയെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.