അബൂദബി: ഫ്ളാറ്റില്‍ തീപിടിത്തമുണ്ടായി അഞ്ച് തെലുങ്കാന സ്വദേശികള്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കേറ്റു. അബൂദബി അല്‍ റീം ഐലന്‍ഡിലാണ് അപകടമുണ്ടായത്. കാമറെഡ്ഢി പിത്ല നരേഷ് (25), നിര്‍മല്‍ മലാവത് പ്രകാശ് നായിക് (29), നിര്‍മല്‍ ജി. അഖിലേഷ് (22), നിര്‍മല്‍ ബൈരി ഗംഗരാജു (20), നിസാമാബാദ് തോഡ രാകേഷ് (32) എന്നിവരാണ് മരിച്ചത്.
മേഡക് മട്ടേല രാജു, നിസാമാബാദ് ബജന്ന, സിറിസില സമ്പയ്യ, നിര്‍മല്‍ തിരുപ്പതി, രവീന്ദര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഒക്ടോബര്‍ 19നാണ് അപകടം നടന്നത്.
രാത്രിഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതിന് ശേഷമാണ് തീപിടിത്തമുണ്ടായതെന്ന് തൊഴിലാളികള്‍ പറഞ്ഞു. രണ്ട് നിലകളിലെ 32 മുറികളിലാണ് തൊഴിലാളികള്‍ താമസിച്ചിരുന്നത്. ഇതില്‍ 17, 20, 30 നമ്പര്‍ മുറികളില്‍ താമസിച്ചിരുന്നവരാണ് മരിച്ചത്.
ട്യൂബ് ലൈറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം പതിനേഴാം നമ്പര്‍ മുറിയുടെ ഫൈബര്‍ വാതില്‍ കത്തിയാണ് തീപിടിത്തമുണ്ടായത്. കുറഞ്ഞ സമയത്തിനകം തീ തൊഴിലാളികളുടെ കിടക്കകളിലേക്ക് പടരുകയായിരുന്നു.
സംഭവത്തെ കുറിച്ച് തെലുങ്കാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും അപകടത്തില്‍ പെട്ടവരുടെ പേര് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി കമ്യൂണിറ്റി അഫയേഴ്സ് ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ കുറച്ച് ദിവസങ്ങള്‍ കൂടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.