കമ്മീഷന്‍ വാങ്ങി മരുന്നു പ്രചരിപ്പിക്കുന്ന  ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

ദുബൈ: കമ്മീഷന്‍ നല്‍കുന്ന കമ്പനികളുടെ മരുന്നുകള്‍ രോഗികള്‍ക്ക് കുറിച്ചുകൊടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നു ആരോഗ്യ മന്ത്രാലയം. അനാവശ്യമായി ലാബോറട്ടറി പരിശോധനകളും എക്സ്റേകളും രോഗികളില്‍ അടിച്ചേല്‍പ്പിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും.
ഇത്തരം നിയമ ലംഘനം നടത്തുന്നവരുടെ പേര് വിവരങ്ങള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. യു.എ.ഇ തലത്തില്‍ തയാറാക്കുന്ന പട്ടിക ഭാവിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ കൈമാറ്റം ചെയ്തു നടപ്പാക്കും.
ആദ്യഘട്ടമെന്ന നിലയില്‍ ഇത്തരം നിയമ ലംഘനം നടത്തുന്നവര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ അല്‍ അമീരി പറഞ്ഞു. 
നിയമ ലംഘനം ആവര്‍ത്തിക്കുന്നതിനനുസരിച്ചു ഒന്നാമത്തെ മുന്നറിയിപ്പ്, രണ്ടാമത്തെ മുന്നറിയിപ്പ് എന്നിങ്ങനെ നല്‍കുകയും, നിയമ ലഘനം തുടര്‍ന്നാല്‍ ആറു മാസത്തില്‍ കവിയാത്ത കാലയളവിന് തൊഴിലിനു വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. തുടര്‍ന്നും ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാരെ യു. എ. ഇ തലത്തില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. വരും നാളുകളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പ്രാബല്യത്തില്‍ വരുന്നതാണ് ഈ പട്ടികകള്‍. പ്രത്യേക കമ്പനിയുടെ മരുന്ന് വാങ്ങാന്‍ നിര്‍ദേശിക്കുന്നതും അമിതമായി  മരുന്നുകള്‍ എഴുതുന്നതും അനാവശ്യമായി പരിശോധനകള്‍ നടത്തുന്നതിനുമെതിരെ രോഗികള്‍ നല്‍കിയ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും മന്ത്രാലയം അറിയിച്ചു. ചില ഫാര്‍മസികള്‍ മരുന്ന് നിര്‍മാണ  കമ്പനികളില്‍നിന്നു  കമ്മീഷന്‍ കൈപറ്റി അവരുടെ മരുന്നുകള്‍ പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
നിയമ ലംഘനം നടത്തുന്ന ഡോക്ടര്‍മാരെയും ഫാര്‍മസികളെയും കമ്പനികളെയും കുറിച്ച് വിശ്വാസ യോഗ്യമായ വിവരങ്ങള്‍ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്നു ഡോ. അമീര്‍ പറഞ്ഞു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.