സ്ത്രീശാക്തീകരണത്തിന് ഷാര്‍ജ പ്രഖ്യാപനം

ഷാര്‍ജ: അറബ് മേഖലയിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം ലക്ഷ്യമിട്ടുള്ള ‘ഷാര്‍ജ പ്രഖ്യാപന’ത്തിന് യു.എന്‍ വിമന്‍ അംഗീകാരം. രണ്ടു ദിവസമായി ഷാര്‍ജയില്‍ നടന്ന ഇന്‍വെസ്റ്റിങ് ഇന്‍ ദ ഫ്യൂച്ചര്‍’ സമ്മേളനത്തിന്‍െറ സമാപനചടങ്ങിലാണ്  ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എന്‍ വിമന്‍െറ അംഗീകാരത്തോടെ ഷാര്‍ജ പ്രഖ്യാപനമുണ്ടായത്.  
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെയും അദ്ദേഹത്തിന്‍െറ ഭാര്യയും ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സനുമായ ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമിയുടെയും അനുഗ്രഹാശികളോടെ അറബ് രാജ്യങ്ങള്‍ക്കുള്ള യു.എന്‍ വിമന്‍ റീജനല്‍ ഡയറക്ടര്‍ മുഹമ്മദ് നാസിരിയാണ്  പ്രഖ്യാപനം നടത്തിയത്. അനുരഞ്ജനം, സമാധാന സംസ്ഥാപനം, തീവ്രവാദവിരുദ്ധ പ്രവര്‍ത്തനം എന്നിവയില്‍ നേതൃപരമായ പ്രവര്‍ത്തനം നടത്തുകയും സാമൂഹിക മാറ്റത്തില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്ന സ്ത്രീകളെ അരികുവത്കരിച്ചുകൊണ്ടും മാറ്റിനിര്‍ത്തിക്കൊണ്ടും സുസ്ഥിരമായ സമാധാനം കൈവരിക്കുക സാധ്യമല്ളെന്ന് ഷാര്‍ജ പ്രഖ്യാപനം അഭിപ്രായപ്പെടുന്നു. പുരുഷ അവകാശങ്ങള്‍ ഉറപ്പിക്കുന്ന ഘടനകളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും സ്ഥാപനങ്ങളെയും പുരുഷന്‍മാരും യുവാക്കളും തന്നെ വെല്ലുവിളിക്കേണ്ടതിന്‍െറയും പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമിടയിലെ അസമത്വത്തെ അഭിസംബോധന ചെയ്യേണ്ടതിന്‍െറയും ആവശ്യകത സ്ത്രീകള്‍ തിരിച്ചറിയുന്നു. 
രാജ്യത്തിന്‍െറയും സമൂഹത്തിന്‍െറയും സമാധാനപരമായ വികസനത്തിലും സുസ്ഥിരതയിലും സ്ത്രീ സംഘടനകള്‍ ഉള്‍പ്പെടെയുള്ള പൗരസമൂഹത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും എല്ലാ തലങ്ങളിലുമുള്ള തീരുമാന നടപടികളിലും ഈ പൗരസമുഹം ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്നും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. 
ഇസ്ലാമില്‍ സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതിനും മറ്റു മതങ്ങളിലെ സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുന്നതിനും മിന മേഖലയിലെ അംഗരാജ്യങ്ങള്‍ മതസ്ഥാപനങ്ങളുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കണം. സ്ത്രീകളെയും പെണ്‍കുട്ടികളെയും എല്ലാ തരത്തിലുള്ള ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനും ബോധവത്കരണം സാധ്യമാക്കാന്‍ മതപാഠങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബത്തിലും സമൂഹത്തിലും സ്ത്രീ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും  ഇത് ആവശ്യമാണെന്നും പ്രഖ്യാപനം ആഹ്വാനം ചെയ്തു. സുസ്ഥിര വികസനത്തിലും സമൃദ്ധിയിലും സ്ത്രീപങ്കാളിത്തം നിര്‍ണായകമാണെന്ന് ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമി സമ്മേളനത്തില്‍ സംസാരിക്കവേ പറഞ്ഞു. ഷാര്‍ജ പ്രഖ്യാപനത്തിലെ മിക്ക തത്വങ്ങളും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിലും സുസ്ഥിരത കൈവരിക്കുന്നതിലും സ്ത്രീകള്‍ക്കുള്ള പങ്കിനെ കേന്ദ്രീകരിച്ചുള്ളതാണെന്ന് അവര്‍ പറഞ്ഞു. 
സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ യു.എ.ഇ ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്ന് യു.എ.ഇ സഹിഷ്ണുതാ സഹമന്ത്രി ശൈഖ ലുബ്ന പറഞ്ഞു. സ്ത്രീകളിലൂടെ നാം സമൂഹത്തെ ശാക്തീകരിക്കുന്നു 2013ലെ ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ട് പ്രകാരം സ്ത്രീകളെ ഏറ്റവും ആദരവോടെ സമീപിക്കുന്ന രാജ്യങ്ങളില്‍ യു.എ.ഇ ഒന്നാം സ്ഥാനത്താണെന്നും അവര്‍ പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.