കെ.എസ്.സിയില്‍ ഭാവത്രയം കഥകളി ഇന്ന് മുതല്‍

അബൂദബി: അബൂദബി കേരള സോഷ്യല്‍ സെന്‍ററില്‍ (കെ.എസ്.സി) ‘ഭാവത്രയം’ കഥകളി വ്യാഴാഴ്ച തുടങ്ങും. കേരള സോഷ്യല്‍ സെന്‍റര്‍, ശക്തി തിയറ്റേഴ്സ്, മണിരംഗ് എന്നിവ സംയുക്തമായി നടത്തുന്ന പരിപാടി ശനിയാഴ്ച വരെയുണ്ടാവും. മൂന്ന് കഥകളി രാവുകളും രാത്രി ഏഴിനാണ് ആരംഭിക്കുക. ഇക്കുറി അരങ്ങുകള്‍ അണിയിച്ചൊരുക്കുന്നത് പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്‍െറ നേതൃത്വത്തില്‍ സന്ദര്‍ശന്‍ കഥകളി വിദ്യാലയമാണ്. 
കഥകളിയിലും കൂടിയാട്ടത്തിലും ഉപയോഗിക്കുന്ന ഒരു അഭിനയസങ്കേതമാണ് ഇത്തവണ അവതരിപ്പിക്കുന്ന ‘ഭാവത്രയ’മെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുര്യോധനവധം, കിരാതം, കുചേലവൃത്തം എന്നീ മൂന്ന് കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്മശ്രീ കലാമണ്ഡലം ഗോപി രണ്ടു കഥകളിലെയും കൃഷ്ണവേഷങ്ങള്‍ ചെയ്യുന്നു എതാണ് ഈ കഥകളിമേളയിലെ ആകര്‍ഷണീയത. 
ഗോപിയാശാനെ കൂടാതെ മാര്‍ഗി വിജയകുമാര്‍, കോട്ടയ്ക്കല്‍ കേശവന്‍ കുണ്ഡലായര്‍, കലാമണ്ഡലം ഷണ്‍മുഖന്‍, കലാമണ്ഡലം ഹരി ആര്‍. നായര്‍, കലാനിലയം വിനോദ്, ഹരിപ്രിയ നമ്പൂതിരി, കലാമണ്ഡലം സുദീപ്, കലാമണ്ഡലം വിപിന്‍, കലാമണ്ഡലം ആദിത്യന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. 
പത്തിയൂര്‍ ശങ്കരന്‍കുട്ടിയും നെടുമ്പിള്ളി രാമമോഹനും പാട്ടിലും കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും കലാനിലയം മനോജ് മദ്ദളത്തിലും അകമ്പടി സേവിക്കും. ഡോ. പി. വേണുഗോപാലന്‍ അരങ്ങ് പരിചയപ്പെടുത്തും.
വാര്‍ത്താസമ്മേളനത്തില്‍ പ്രമുഖ കഥകളി കലാകാരി ഹരിപ്രിയ നമ്പൂതിരി, അബൂദബി ശക്തി തിയറ്റേഴ്സ് പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി സുരേഷ് പാടൂര്‍, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് പി. പദ്മനാഭന്‍, മണിരംഗ് പ്രതിനിധികളായ അജയ്, അനൂപ്, യു.എ.ഇ എക്സ്ചേഞ്ച് കോര്‍പറേറ്റ് മാനേജര്‍ വിനോദ് നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.