അബൂദബി: തിന്മക്കു മേല്‍ നന്മ നേടിയ മഹാ വിജയത്തിന്‍െറ ഓര്‍മ പുതുക്കി യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹം ആഘോഷപൂര്‍വം വിജയദശമി കൊണ്ടാടി. മത-സാംസ്കാരിക സംഗമമായ വിജയദശമിയുടെ ആവേശത്തില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനത്തുള്ളവര്‍ പങ്കുചേര്‍ന്നു. ബൊമ്മെക്കൊലു ഒരുക്കിയും പൂജകള്‍ കഴിച്ചും ഇതര സംസ്ഥാനക്കാര്‍ വിജയദശമിയെ എതിരേറ്റപ്പോള്‍ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചാണ് കേരളീയര്‍ ഈ ദിനം ധന്യമാക്കിയത്.
ഹൈന്ദവവിശ്വാസ പ്രകാരം വിശിഷ്ടമായ നവരാത്രിക്ക് ശേഷമുള്ള ദിവസമാണ് വിജയദശമി. നവരാത്രി ആരംഭത്തോടെ വീടുകളില്‍ ഒരുക്കുന്ന ബൊമ്മെക്കൊലുകള്‍ വിജയദശമി ദിനത്തിലെ പൂജക്ക് ശേഷമാണ് എടുത്തുവെക്കുന്നത്. ഒറ്റയിട്ട പടികള്‍ നിര്‍മിച്ച് അതിലാണ് ബൊമ്മെകള്‍ നിരത്തുക. പരമാവധി 11 പടികള്‍ എന്നാണ് നിശ്ചയിച്ചിട്ടുള്ളത്.
ആദ്യ പടിയില്‍ മനുഷ്യന്‍, മൃഗങ്ങള്‍ എന്നിവയുടെ ബൊമ്മെകളാണ് വെക്കുക. രണ്ടാമത്തേതില്‍ ഗുരു, മൂന്നാമത്തേതില്‍ അവതാരങ്ങള്‍, നാലാമത്തേതില്‍ ദേവിമാര്‍, അഞ്ചാമത്തേതില്‍ മൂര്‍ത്തികള്‍ എന്നിങ്ങനെ തുടര്‍ന്നുള്ള പടികളില്‍ ബൊമ്മെകള്‍ ക്രമീകരിക്കും.
ബൊമ്മെക്കൊലു ഒരുക്കാനുള്ള ബൊമ്മെകള്‍ നാട്ടില്‍നിന്ന് കൊണ്ടുവരികയാണ് മിക്ക കുടുംബങ്ങളും ചെയ്യുന്നതെന്ന് അബൂദബി ഇലക്ട്രയില്‍ താമസിക്കുന്ന പ്രമുഖ വാഹനകമ്പനിയിലെ സീനിയര്‍ മാനേജര്‍ വെങ്കടേഷ്, പത്നിയും യോഗ അധ്യാപികയുമായ ഹേമ എന്നിവര്‍ പറഞ്ഞു. ദുബൈയിലെ ഒന്നുരണ്ട് കടകളില്‍ ബൊമ്മെകള്‍ വാങ്ങാന്‍ കിട്ടും. എങ്കിലും ഭൂരിഭാഗം പേരും നാട്ടില്‍നിന്ന് കൊണ്ടുവരികയാണ്. ഓരോ വരവിനും കൊണ്ടുവരുന്നത് സൂക്ഷിച്ച് വെക്കും. വര്‍ഷങ്ങള്‍ കഴിയുന്നതിനനുസരിച്ച് ബൊമ്മെകളുടെ എണ്ണം കൂടിക്കൂടി വരും.
വിവിധ സംസ്ഥാനക്കാരുടെ വിജയദശമി ആഘോഷങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടെന്ന് ചെന്നൈ സ്വദേശികളായ വെങ്കടേഷും ഹേമയും പറഞ്ഞു. ഗുജറാത്തുകാര്‍ക്ക് വ്രതം നവരാത്രിയുടെ ഭാഗമാണ്. എന്നാല്‍, തമിഴ്നാട്ടുകാര്‍ക്കിടയില്‍ വ്രതം പ്രചാരത്തിലില്ല. പൊതുവില്‍ മനുഷ്യര്‍ തമ്മിലുള്ള, പ്രത്യേകിച്ച് സ്ത്രീകള്‍ തമ്മിലുള്ള സ്നേഹ സമാഗമത്തിന്‍െറ ആഘോഷമാണ് വിജയദശമിയെന്നും അവര്‍ പറഞ്ഞു.
വിജയദശമി ദിനത്തില്‍ വിവിധ മലയാളി കൂട്ടായ്മകള്‍ എഴുത്തിരുത്തല്‍ ചടങ്ങ് നടത്തി. അബൂദബി മലയാളി സമാജത്തിന്‍െറ എഴുത്തിനിരുത്തല്‍ സമാജം അങ്കണത്തില്‍ രാവിലെ ആറിന് ആരംഭിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍. വിജയ് മോഹന്‍ ഇരുപത്തിയഞ്ചോളം കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിച്ചുനല്‍കി. സമാജം പ്രസിഡന്‍റ് യേശുശീലന്‍, എ.എം. അന്‍സാര്‍, വിജയരാഘവന്‍, അബ്ദുല്‍ കദിര്‍ തിരുവത്ര, വനിതാവിഭാഗം കണ്‍വീനര്‍ ലിജി ജോബീസ്, ജോയിന്‍റ് കണ്‍ വീനര്‍ അപര്‍ണാ സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.
അബൂദബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ രാവിലെ 7.30ന് എഴുത്തിനിരുത്തല്‍ തുടങ്ങി. അമ്പതോളം കുട്ടികള്‍ക്ക് ഫാ. എം.സി. മത്തായി മാറാച്ചേരില്‍, ഫാ. ഷാജന്‍ വര്‍ഗീസ് എന്നിവര്‍ ആദ്യാക്ഷരം കുറിച്ചുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.