അബൂദബി: യു.എ.ഇയുമായി രാഷ്ട്രീയ-വാണിജ്യ ചര്‍ച്ചകള്‍ ലക്ഷ്യമിട്ട് രണ്ട് ഇന്ത്യന്‍ മന്ത്രിമാര്‍ യു.എ.ഇ സന്ദര്‍ശിക്കുന്നു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്കായി എത്തുന്നത്. ഒക്ടോബര്‍ 18 മുതല്‍ 20 വരെ ദുബൈയിലാണ് ചര്‍ച്ച നടക്കുക.
2017ലെ റിപ്പബ്ളിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സമ്മതമറിയിച്ചതിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്ന ആദ്യ ഉന്നതതല ചര്‍ച്ചയാണിത്. യു.എ.ഇയുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് പുറമെ രാജ്യത്തെ പ്രമുഖ വാണിജ്യപ്രമുഖരും ചര്‍ച്ചയില്‍ പങ്കെടുക്കും.
ഒക്ടോബര്‍ 19 മുതല്‍ 20 വരെ നടക്കുന്ന യു.എ.ഇ-ഇന്ത്യ ഇകോണമി ഫോറത്തിലും മന്ത്രിമാര്‍ പങ്കെടുക്കും. നിതിന്‍ ഗഡ്കരി ഫോറം ഉദ്ഘാടനം ചെയ്യും. എം.ജെ. അക്ബര്‍ മുഖ്യ പ്രഭാഷണം നടത്തും. രണ്ടാമത് യു.എ.ഇ-ഇന്ത്യ ഇകോണമി ഫോറമാണിത്. ആദ്യ ഫോറം 2015ല്‍ ഇന്ത്യന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയായിരുന്നു ഉദ്ഘാടനം ചെയ്തത്. യു.എ.ഇ സാമ്പത്തിക മന്ത്രാലയം, യു.എ.ഇ അന്താരാഷ്ട്ര നിക്ഷേപക സമിതി, യു.എ.ഇ ചേംബര്‍ ഓഫ് കോമേഴ്സ്, ഇന്‍വെസ്റ്റ് ഇന്ത്യ ആന്‍ഡ് അബൂദബി ഗ്ളോബല്‍ മാര്‍ക്കറ്റ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഫേറാം സംഘടിപ്പിക്കുന്നത്.
ദേശീയ നിക്ഷേപ-അടിസ്ഥാന വികസന ഫണ്ടായി 502,500 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് യു.എ.ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ സാമ്പത്തിക മേഖല വൈവിധ്യവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് യു.എ.ഇ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള വാണിജ്യ കരാറുകള്‍, സമാനമായ സാംസ്കാരിക സവിശേഷതകള്‍, ഭക്ഷണശീലങ്ങള്‍ തുടങ്ങിയവ കാരണം ഇന്ത്യയെ തങ്ങളുടെ സ്വാഭാവിക പങ്കാളിയായാണ് യു.എ.ഇ കാണുന്നത്. യു.എ.ഇയുമായി കുറച്ചു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഭീകരവിരുദ്ധ പങ്കാളിത്തം കൂടുതല്‍ വിപുലപ്പെടുത്താന്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ യു.എ.ഇ രാഷ്ട്രീയ നേതൃത്വത്തോട് ചര്‍ച്ചയില്‍ ആവശ്യപ്പെടുമെന്ന് കരുതുന്നു. കശ്മീര്‍ ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യു.എ.ഇ ശക്തമായി രംഗത്ത് വന്നിരുന്നു.
യു.എ.ഇ നിക്ഷേപകരെ ആകര്‍ഷിക്കുക മാത്രമല്ല ഇന്ത്യന്‍ അധികൃതരുടെ ലക്ഷ്യം. ലുലു ഗ്രൂപ്പ് ഉള്‍പ്പെടെ ജി.സി.സിയിലെ വന്‍കിട ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പുകളില്‍നിന്നും നിക്ഷേപം സമാഹരിക്കാന്‍ സംഘത്തിന് ഉദ്ദേശ്യമുണ്ട്. റെയില്‍വേ, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വ്യവസായ ഇടനാഴികള്‍, പാര്‍ക്കുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വികസനത്തിന് യു.എ.ഇയില്‍നിന്ന് ഫണ്ട് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് മോദി സര്‍ക്കാറിന്‍െറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.