റാസല്‍ഖൈമ: താപനില താഴ്ന്നതോടെ യു.എ.ഇയിലെ കൃഷി നിലങ്ങളെല്ലാം സജീവതയിലേക്ക്. റാസല്‍ഖൈമ, ഫുജൈറ, മസാഫി, ദിബ്ബ, അല്‍ ഐന്‍ തുടങ്ങിയിടങ്ങളിലാണ് വാണിജ്യാടിസ്ഥാനത്തില്‍ രാജ്യത്ത് കാര്‍ഷിക വിളകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ജൂലൈ മധ്യത്തോടെയാണ് തോട്ടങ്ങളില്‍ വിത്തിറക്കുന്നതിനായി പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങിയത്. മണ്ണ് ഉഴുത് മറിച്ച് കളകള്‍ ഒഴിവാക്കല്‍, കീടങ്ങളെ അകറ്റുന്നതിനുള്ള മരുന്ന് തളി തുടങ്ങിയവയാണ് പ്രഥമ നടപടി. വിത്തിറക്കുന്നതിന് നിലമൊരുക്കല്‍, വിത്ത് തളിര്‍ത്തവയുടെ പരിചരണം, വിളകളുടെ പരാഗണത്തിന് കളമൊരുക്കല്‍, കീടങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും വിളകളുടെ സംരക്ഷണത്തിനുള്ള പ്രവൃത്തികള്‍ തുടങ്ങിയവയാണ് ഇപ്പോള്‍ തോട്ടങ്ങളിലെ കാഴ്ചകള്‍.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ആദ്യഘട്ട വിളവെടുപ്പ് നടക്കുക. കൂസ, തക്കാളി തുടങ്ങിയവയുടെ രണ്ടാംഘട്ട വിളവെടുപ്പ് ജൂണ്‍ വരെ തുടരും. രാസവളങ്ങള്‍ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി രീതിക്ക് പുറമെ തദ്ദേശീയരും മലയാളികളുമുള്‍പ്പെടെയുള്ള വിദേശികള്‍ ജൈവ വളങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ അടുക്കള തോട്ടങ്ങളെയും ഇക്കാലയളവില്‍ സജീവമാക്കും. കൂസ, ചോളം, വഴുതനങ്ങ, കീഴാര്‍, വിവിധ ഇലകള്‍, മള്‍ബറി, തക്കാളി, സവാള, ഉരുളക്കിഴങ്ങ്, പീച്ചിങ്ങ, വെണ്ടക്ക, ചുരങ്ങ തുടങ്ങിയവയാണ് റാസല്‍ഖൈമയിലെ ഏക്കറുകണക്കിന് വ്യാപിച്ച് കിടക്കുന്ന തോട്ടങ്ങളില്‍ ഉല്‍പാദിപ്പിച്ച് വരുന്നത്. പക്ഷി-മൃഗാദികള്‍ക്കാവശ്യമായ ജത്ത്, ഹശീശ്, ദുര, സീബല്‍, അലഫ്, ശേദി എന്നീ പുല്ലുകളും റാസല്‍ഖൈമയിലെ തോട്ടങ്ങളില്‍ സമൃദ്ധമായി ഉല്‍പാദിപ്പിക്കുന്നുണ്ട്. കുഴല്‍ കിണറുകളില്‍ നിന്ന് പമ്പ് ചെയ്ത് ശേഖരിക്കുന്ന ജലമാണ് തോട്ടങ്ങളില്‍ ഉപയോഗിക്കുന്നത്. ഇടക്കാലത്ത് മഴയുടെ ലഭ്യത കുറഞ്ഞത് പല തോട്ടങ്ങളെയും ഉപയോഗശൂന്യമാക്കിയിരുന്നു. എന്നാല്‍, അധികൃതര്‍ മുന്‍കൈയെടുത്ത് പുതിയ തോട്ടങ്ങള്‍ സ്ഥാപിച്ചത് കാര്‍ഷിക മേഖലക്ക് ഉണര്‍വേകി.
യു.എ.ഇ രാഷ്ട്ര ശില്‍പി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍, ദീര്‍ഘകാലം റാസല്‍ഖൈമയെ നയിച്ച മുന്‍ ഭരണാധിപന്‍ ശൈഖ് സഖര്‍ ബിന്‍ സഖര്‍ ആല്‍ ഖാസിമി തുടങ്ങിയവര്‍ക്ക് കൃഷിയിലുണ്ടായ അതീവ താല്‍പര്യമാണ് യു.എ.ഇയുടെ കാര്‍ഷിക ഭൂപടത്തെ ശക്തിപ്പെടുത്തിയതെന്നത് ശ്രദ്ധേയമാണ്. പൂര്‍വികരുടെ ചുവടുവെപ്പുകള്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ കുറ്റമറ്റ രീതിയില്‍ പ്രയോഗവത്കരിച്ചത് റാസല്‍ഖൈമയുടെ കാര്‍ഷിക മേഖലക്ക് നേട്ടമായി. തദ്ദേശീയ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍, തോട്ടങ്ങളിലേക്ക് ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി ഡാമുകളുടെ നിര്‍മാണം, ഹംറാനിയ കേന്ദ്രീകരിച്ച് കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവക്കെല്ലം തുടക്കമിട്ട ഭരണാധികാരികള്‍ റാസല്‍ഖൈമയുടെ വളക്കൂറുള്ള മണ്ണിനെ നൂറുമേനി വിളയിക്കുന്നതിലേക്കത്തെിക്കുകയായിരുന്നു.
ഹംറാനിയ, അദന്‍, മസാഫി, ദൈദ്, ദിഗ്ദഗ, കറാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് റാസല്‍ഖൈമയില്‍ തോട്ടങ്ങളേറെയുള്ളത്. നേരത്തെ ദുബൈയിലെ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ ബയോസലൈന്‍ അഗ്രിക്കള്‍ച്ചറിന്‍െറ (ഐ.സി.ബി.എ) മുന്‍കൈയില്‍ തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കാനുള്ള നടപടികളും കൈക്കൊണ്ടിരുന്നു. ജല ചൂഷണത്തിനൊപ്പം മഴ ലഭ്യതയുടെ കുറവ് ഭൂഗര്‍ഭ ജലത്തിന്‍െറ അളവ് കുറച്ചത് പാരിസ്ഥിതിക പ്രത്യാഘാതത്തിനിടയാക്കുമെന്ന വിലയിരുത്തല്‍ ശാസ്ത്രീയമായ രീതിയില്‍ തരിശു നിലങ്ങളെ ഹരിതാഭമാക്കണമെന്ന നിലപാടിലേക്ക് അധികൃതരെ എത്തിക്കുകയായിരുന്നു. ജൈവകൃഷി സംബന്ധിച്ച് പ്രത്യേക നയം ആവിഷ്കരിച്ച് ഇതിലൂടെ ഉല്‍പാദിപ്പിക്കുന്ന വിളകള്‍ക്ക് പ്രത്യേക ട്രേഡ് മാര്‍ക്ക് നല്‍കാനും നേരത്തെ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു.
3890ഓളം ചതുരശ്ര വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന 60ലേറെ ഇനം പച്ചക്കറികള്‍ കൃഷി ചെയ്യുന്ന 40ഓളം ജൈവകൃഷിയിടങ്ങള്‍ യു.എ.ഇയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി അധികൃതര്‍ കര്‍ഷകര്‍ക്ക് സൗജന്യമായി ജൈവ വളം വിതരണവും നടത്താറുണ്ട്. ശുദ്ധ ജല ലഭ്യത ഉറപ്പു വരുത്തല്‍ അപ്രായോഗികമായതിനാല്‍ സമുദ്രജലം കൃഷിക്ക് ഉപയുക്തമാക്കി നവീന കൃഷി രീതി പ്രയോഗവത്കരിക്കാനും യു.എ.ഇ പരിസ്ഥിതി - ജല മന്ത്രാലയം കര്‍മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിലൂടെ ഹെക്ടര്‍ കണക്കിന് തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനൊപ്പം രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുകയുമാണ് അധികൃതരുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.