ദേശീയദിനാചരണം: 1668 തടവുകാര്‍ക്ക് മോചനം

അബൂദബി: യു.എ.ഇയുടെ 45ാം ദേശീയദിനാചരണം പ്രമാണിച്ച് 1668 തടവുകാര്‍ക്ക് മോചനം. മാനസാന്തരപ്പെടാനും ജീവിതം നന്‍മയിലേക്ക് പരിവര്‍ത്തിപ്പിക്കാനും അവസരമൊരുക്കാനാണ് രാജ്യത്തിന്‍െറ ഉല്‍സവദിനത്തോടനുബന്ധിച്ച് ഭരണാധികാരികള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ 1,102 പേര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവിട്ടു. പുതു ജീവിതത്തിന് തുടക്കം കുറിക്കാനും അവരുടെ കുടുംബങ്ങളുടെ കഷ്ടതക്ക് അവസാനമുണ്ടാക്കാനുമാണ് ഈ നടപടിയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. 
ഉത്തരവിനു തൊട്ടുപിന്നാലെ മോചനാവശ്യമായ നടപടിക്രമങ്ങളാരംഭിച്ചതായി അറിയിച്ച അബൂദബി അറ്റോണി ജനറല്‍ അലി മുഹമ്മദ് അല്‍ ബലൂഷി ശൈഖ് ഖലീഫക്ക് നന്ദി രേഖപ്പെടുത്തി. മാപ്പു നല്‍കാനുള്ള തീരുമാനത്തെ രാജ്യത്തെ സ്വദേശികളും വിദേശികളുമായ ജനങ്ങള്‍ ഒന്നടങ്കം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. തടവില്‍ കഴിയുന്ന മറ്റുള്ളവര്‍ക്ക് ജീവിതത്തില്‍ മാറ്റം വരുത്തി ഭാവിയില്‍ മോചനത്തിന് അവസരം തേടാന്‍ പ്രേരിപ്പിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം 292 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവിട്ടു. ജയില്‍പുള്ളികള്‍ക്ക് നേര്‍മാര്‍ഗം പിന്‍പറ്റി കുടുംബങ്ങള്‍ക്കൊപ്പം പുതുജീവിതം തുടങ്ങാന്‍ സഹായിക്കുന്ന ഈ നടപടി ഭരണാധികാരിയുടെ മാനുഷികതയുടെ പ്രതിഫലനമാണെന്ന് ദുബൈ അറ്റോണി ജനറല്‍ ഇസ്സാം അല്‍ ഹുമൈദാന്‍ അഭിപ്രായപ്പെട്ടു. ദുബൈ പൊലീസുമായി ചേര്‍ന്ന് മോചനനടപടിക്രമങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. 
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി 105 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ശിക്ഷാകാലത്തെ നല്ലനടപ്പ് പരിഗണിച്ചാണ് മോചിപ്പിക്കേണ്ട ആളുകളെ തിരഞ്ഞെടുത്തത്.  സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി 122 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചു. വിട്ടയക്കപ്പെടുന്നവരുടെ കടങ്ങളും സാമ്പത്തിക ബാധ്യതകളും ശൈഖ് സഊദ് ഒത്തുതീര്‍ത്തു. മോചനം ഈ മനുഷ്യരുടെയും കുടുംബങ്ങളുടെയും ഗുണകരമായ മാറ്റത്തിന് കാരണമാകുമെന്നും സമൂഹത്തില്‍ നല്ല പ്രവര്‍ത്തനങ്ങളിലും ദേശീയ ആഘോഷ പരിപാടികളിലും പങ്കുചേരാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. തടവുശിക്ഷ അനുഭവിക്കവെ സ്വഭാവപരിവര്‍ത്തനം വന്ന 47 പേര്‍ക്ക് മോചനം നല്‍കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് ആല്‍ നുഐമി ഉത്തരവിട്ടു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.