യു.എ.ഇ ദേശീയ ദിനാഘോഷത്തിന് ആരവമുയരുന്നു

ദുബൈ: രാജ്യമെങ്ങും 45ാം ദേശീയ ദിനാഘോഷത്തിന്‍െറ  ആവേശപ്പൊലിമയിലേക്ക് നീങ്ങിത്തുടങ്ങി. അടുത്ത വെള്ളിയാഴ്ചയാണ് ദേശീയ ദിനമാണെങ്കിലും ആഴ്ചകള്‍ക്ക് മുമ്പെ വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം ചതുര്‍വര്‍ണമണിഞ്ഞു തുടങ്ങിയിരുന്നു. അവധിക്ക് മുമ്പ് തന്നെ തുടങ്ങിയ ആഘോഷങ്ങള്‍ കഴിഞ്ഞിദിവസങ്ങളില്‍ ഊര്‍ജിതമായി. 
വിവിധ മന്ത്രാലയങ്ങളിലൂം ഓഫീസുകളിലും സ്കുളുകളിലും നടക്കുന്ന ആഘോഷങ്ങള്‍ക്ക് പുറമെ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുന്നത്. സ്വന്തം രാജ്യത്തിന്‍െറ ആഘോഷം പോലെയാണ് പ്രവാസ ലോകവും അന്നം തരുന്ന നാടിന്‍െറ ഉത്സവത്തില്‍ പങ്കാളിയാകുന്നത്. മാളുകളും കച്ചവടകേന്ദ്രങ്ങളും ദേശീയ ദിന അലങ്കാരങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ഉദ്യാനങ്ങള്‍, കായലോരങ്ങള്‍, ബീച്ചുകള്‍, കച്ചവട സ്ഥാപനങ്ങള്‍, വീടുകള്‍, വീഥികള്‍, പരമ്പരാഗത ഗ്രാമങ്ങള്‍, നൗകകള്‍, കടത്തോടങ്ങള്‍, വാഹനങ്ങള്‍, വിമാനങ്ങള്‍, മെട്രോ, മോണോ, ട്രാം, ട്രോളി എന്നിവയിലെല്ലാം ഇപ്പോള്‍ യു.എ.ഇയുടെ ഐക്യവര്‍ണ രാജികളാണ് അഴക് വിടര്‍ത്തുന്നത് .
 ദുബൈ ട്രേഡ് സെന്‍റര്‍ റൗണ്ടബൗട്ടില്‍  നിരവധി വലിയ ഗോളങ്ങളില്‍ തീര്‍ത്ത ദേശീയ പതാകയാണ് മുഖ്യ ആകര്‍ഷണം. ചത്വരമാകെ വിവിധ വര്‍ണ ചാര്‍ത്തുകളില്‍ ആറാടുകയാണ്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് അവസാനിക്കുന്ന റാക് ചത്വരത്തിലും അഴകിന്‍െറ കുടമാറ്റമുണ്ട്. 
ദുബൈ നഗരസഭ തിങ്കളാഴ്ച ദേശീയ ദിനാഘോഷം കെങ്കേമമായി കൊണ്ടാടി.  ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്തയുടെ സാന്നിധ്യത്തിലായിരുന്നു വൈവിധ്യവും വര്‍ണപൂര്‍ണവുമായ പരിപാടികള്‍. നഗരസഭ ആസ്ഥാനത്തിന് പുറമെ അല്‍ കിഫാഫ് സെന്‍റര്‍, അല്‍ മനാറ സെന്‍റര്‍ എന്നിവിടങ്ങളിലും പരിപാടികള്‍ അരങ്ങേറി.
ഷാര്‍ജ ജുബൈല്‍ ഭാഗമാകെ ഇപ്പോള്‍ ചതുര്‍വര്‍ണ ചേലയുടുത്ത് നില്‍ക്കുകയാണ്. അജ്മാനിലെ കടലോരങ്ങളാകെ ചതുര്‍വര്‍ണ തിളക്കത്തിലാണ്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും ഐക്യത്തിന്‍െറ നിറം തന്നെ. ദുബൈ, ഷാര്‍ജ ക്രീക്കുകളിലുള്ള കടത്തോടങ്ങളുടെ അണിയത്തും അമരത്തും പാറുന്നതും ചതുര്‍വര്‍ണം. കടകളില്‍ ദേശീയ നിറത്തിലുള്ള വസ്ത്രം, തൊപ്പി, ആഭരണം, പതാക എന്നിവയെല്ലാം വില്‍പ്പനക്കുണ്ട്. കടകളുടെ അകം അലങ്കരിച്ചിരിക്കുന്നതും ചതുര്‍വര്‍ണത്തിലാണ്.
റാസല്‍ഖൈമയില്‍ രാജ്യത്തിനും ഭരണാധികാരികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പൂര്‍വികര്‍ക്ക് പ്രാര്‍ഥനകളര്‍പ്പിച്ചും  വിവിധ മന്ത്രാലയങ്ങളുടെ ആഭിമുഖ്യത്തില്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. ആഭ്യന്തരം, തൊഴില്‍, താമസ കുടിയേറ്റ വകുപ്പ്, ആരോഗ്യം, സാംസ്കാരികം തുടങ്ങിയ മന്ത്രാലയങ്ങളുടെയും സര്‍ക്കേതര സ്ഥാപനങ്ങളുടെയും മുന്‍കൈയില്‍ വര്‍ണാഭമായ ആഘോഷങ്ങളാണ് റാസല്‍ഖൈമയില്‍ നടന്നുവരുന്നത്. 
തെരുവോരങ്ങളും പാര്‍പ്പിടങ്ങളുള്‍പ്പെടെയുള്ള കെട്ടിട സമുച്ചയങ്ങളും ദേശീയ പതാകയാലും വൈദ്യുത ദീപങ്ങളാലും അലംകൃതമാണ്. ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന ആഘോഷ പരിപാടിയില്‍ സ്കൂള്‍ വിദ്യാര്‍ഥികളും പൊലീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ളവരും അണിനിരന്നു. ദേശീയ ദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാക് ഭരണാധിപനുമwwായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, ശൈഖ് ഖാലിദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, എഞ്ചിനീയര്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ ആല്‍ ഖാസിമി തുടങ്ങിയവര്‍ സംബന്ധിച്ചു. 
പൈതൃക കലകളും  പൂര്‍വികരുടെ ജീവിത രീതികളുടെ പുനരവതരണവും സാമൂഹ്യക്ഷേമവകുപ്പിന്‍െറയും തൊഴില്‍ മന്ത്രാലയത്തിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ആഘോഷ പരിപാടിക്ക് കൊഴുപ്പേകി. 
അതേസമയം, സുരക്ഷിതമായ ദേശീയ ദിനാഘോഷത്തിന് ആഭ്യന്തമന്ത്രാലയം പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തിന്‍െറയും ജനങ്ങളുടെയും സുരക്ഷ മുന്‍ നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളും കര്‍ശനമായി പാലിക്കണമെന്നും  അസാധാരണമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 
ഉമ്മുല്‍ഖുവൈനിലെ ചത്വരങ്ങളും വര്‍ണാഭമാണ്. 
ഫുജൈറയില്‍ വന്‍ റാലി സംഘടിപ്പിച്ചു.  ഫുജൈറയിലെ വിവിധ വകുപ്പ് സ്കൂളുകള്‍ എന്നിവര്‍ റാലിയില്‍ പങ്കു ചേര്‍ന്നു. വിവിധ സ്ഥാപനങ്ങളിലെ   ഉദ്യോഗസ്ഥരും റാലിയില്‍ പങ്കെടുത്തിരുന്നു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.