ദുബൈ: വീടുകളില്‍ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്താന്‍ ദുബൈ നഗരസഭയുടെ കാമ്പയിന്‍. ഗാര്‍ഹിക അപകടങ്ങള്‍ സംബന്ധിച്ച പഠനങ്ങളുടെ വെളിച്ചത്തിലാണ് കാമ്പയിന്‍ നടപ്പാക്കുന്നത്.
സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ആരോഗ്യവും സുരക്ഷയും പ്രധാനപ്പെട്ടതാണെന്നും അവ സംരക്ഷിക്കല്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും കാമ്പയിന് തുടക്കം കുറിച്ച് നഗരസഭാ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. വീട്ടില്‍ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കല്‍ മുതിര്‍ന്ന അംഗങ്ങളുടെ ചുമതലയാണ്. ഇക്കാര്യം ജീവിതശൈലിയായി വളര്‍ത്തിയെടുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
വീട്ടില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നിര്‍ദേശങ്ങളുള്‍ക്കൊള്ളിച്ച ഇന്‍സ്റ്റലേഷനുകള്‍ നഗരസഭയിലും പൊതുകേന്ദ്രങ്ങളിലും സ്ഥാപിക്കും. സ്കൂളുകളില്‍ ബോധവത്കരണ പരിപാടികളും നടത്തും.
കുട്ടികളുടെ കളിസ്ഥലങ്ങളും കളിപ്പാട്ടങ്ങളും സുരക്ഷിതമാണ് എന്ന് ഉറപ്പാക്കലാണ് അപകടങ്ങള്‍ ഒഴിവാക്കാനുള്ള പ്രഥമ നടപടിയായി നഗരസഭ വിലയിരുത്തുന്നത്. കുട്ടികള്‍ കളിക്കുന്ന സമയത്ത് മുതിര്‍ന്നവരുടെ ശ്രദ്ധയുണ്ടാവണം. നീന്താന്‍ പോകുമ്പോള്‍ ലൈഫ് ജാക്കറ്റും പ്രഥമ ശുശ്രൂഷാ സൗകര്യങ്ങളും നിര്‍ബന്ധമായും വേണം. നീന്തല്‍ കുളത്തിനരികില്‍ കുഞ്ഞുങ്ങള്‍ കളിക്കുന്നത് തടയണം. അതാത് പ്രായക്കാര്‍ക്ക് അനുയോജ്യമായ കളിപ്പാട്ടങ്ങള്‍ മാത്രമേ കുട്ടികള്‍ക്കു നല്‍കാവൂ.
മരുന്നുകളും സമാനമായ വസ്തുക്കളും കുട്ടികളുടെ കൈയില്‍ എത്താത്ത ഇടങ്ങളില്‍ സൂക്ഷിക്കണം, അടുക്കളയില്‍ ഒവനുകള്‍ക്ക് ചൈല്‍ഡ്ലോക്ക് വേണം, തീപ്പെട്ടിയും ലൈറ്ററുകളും കുട്ടികളുടെ കൈയില്‍ പെടരുത്.
ഗ്യാസ് സിലണ്ടര്‍ വായു സഞ്ചാരമുള്ള-സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാത്ത സ്ഥലത്ത് സൂക്ഷിക്കണം. അടുക്കളക്ക് സമീപം തീകെടുത്തുന്ന സാമഗ്രികള്‍ വേണം. ഉപയോഗം ഇല്ലാത്ത സമയങ്ങളില്‍ ഗ്യാസ് വാല്‍വ് അടച്ച് സൂക്ഷിക്കണം.
കുട്ടികള്‍ വീഴുന്നത് ഒഴിവാക്കാന്‍ ബാല്‍ക്കണികളിലും കോണികളിലും ജനലുകളിലും സുരക്ഷാ പടികള്‍ സ്ഥാപിക്കണം, കൂര്‍ത്ത ഉപകരണങ്ങള്‍ സുരക്ഷിതമായ സ്ഥാനത്ത് സൂക്ഷിക്കണം, പ്ളാസ്റ്റിക് കൂടുകള്‍ കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്നത് തടയണം, കുട്ടികള്‍ വിഴുങ്ങാന്‍ സാധ്യതയുള്ള ചെറിയ വസ്തുക്കള്‍, ഭക്ഷണം, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ സുരക്ഷിത അകലങ്ങളില്‍ സൂക്ഷിക്കണം, വീടും ടോയ്ലറ്റുകളും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും കീടനാശിനികളും സുരക്ഷാ മുന്‍കരുതലുകളോടെ ഉപയോഗിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നഗരസഭ മുന്നോട്ടുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.