ദുബൈ: വരയും പാട്ടും താളവും നൃത്തവും സമ്മേളിക്കുന്ന അപൂര്‍വ സാംസ്കാരിക പരിപാടിക്ക് ദുബൈ വേദിയാകുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയോടുള്ള ബഹുമാനസൂചകമായി ഈ മാസം 18ന് ദുബൈ ജുമൈറ എമിറേറ്റ്സ് ടവറില്‍ വൈകിട്ട് ഏഴിനാണ് ‘കോണ്‍ഫ്ളുവന്‍സ് എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്കൊപ്പം ഗായകന്‍ പി.ജയചന്ദ്രന്‍, ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, താളവാദ്യക്കാരായ ശിവമണി, കരുണാമൂര്‍ത്തി, വയലിനിസ്റ്റ് നെയ്വേലി എസ്.രാധാകൃഷ്ണന്‍, പാരീസില്‍ നിന്നുള്ള പ്രമുഖ ഫ്ളമംഗോ നര്‍ത്തകി ബെറ്റിനോ കാസ്റ്റാനോ, വീണ വിദ്വാന്‍ രാജേഷ് വൈദ്യ എന്നിവരാണ് അപൂര്‍വ പ്രതിഭാ സംഗമത്തില്‍ വേദിയിലത്തെുക. സിനിമാ സംവിധായകന്‍ എം.എ.നിഷാദാണ് പരിപാടി ഒരുക്കുന്നത്. ഇന്തോ-അറബ് സംസ്കാരിക സമന്വയം പശ്ചാത്തലമാക്കിയുള്ള പരിപാടിയില്‍ വെളിച്ചത്തിനും ശബ്ദത്തിനും ഒരുപോലെ പ്രാധാന്യമുണ്ടാകുമെന്ന് എം.എ.നിഷാദ് പറഞ്ഞു.
ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് കൂടി ഇഷ്ടമുള്ള പാട്ടുകള്‍ ഗായകന്‍ ജയചന്ദ്രന്‍ വേദിയില്‍ ആലപിക്കും. മറ്റു വാദ്യകലാകാരന്മാരും ഫ്ളെമംഗോ നര്‍ത്തകിയും കൂടി വേദിയിലത്തെുന്നതോടെ ഇവ നമ്പൂതിരി കാന്‍വാസില്‍ പകര്‍ത്തും. നമ്പൂതിരിയുടെ വരയെ വേദിയില്‍ കൊണ്ടുവരാനുള്ള ആശയമാണ് ഇത്തരമൊരു പരിപാടിയിലേക്ക് നയിച്ചതെന്ന് നിഷാദ് പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃപ്പൂണിത്തുറയില്‍ രംഗത്രയം എന്നപേരില്‍ താന്‍ ഗായകന്‍ ശ്രീവല്‍സന്‍, കലാമണ്ഡലം ഗോപി എന്നിവര്‍ക്കൊപ്പം വേദിയിലത്തെിയിരുന്നെന്ന് നമ്പൂതിരി പറഞ്ഞു. ആദ്യമായാണ് അത്തരമൊരു ഉദ്യമമെങ്കിലും അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ ഗംഭീരമായെന്ന അഭിപ്രായമാണ് ലഭിച്ചത്. തീര്‍ച്ചയായും വ്യത്യസതമായ പരിപാടിയായിരിക്കും ദുബൈയിലേതെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ വരച്ച ചിത്രം അതേ വേദിയില്‍ ലേലം ചെയ്യുമെന്ന് സംഘാടകരിലൊരാളും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ജേക്കബ് ജോര്‍ജ് പറഞ്ഞു. ടിക്കറ്റ് മുഖേനയായിരിക്കും പരിപാടിയിലേക്ക് പ്രവേശം.
ഈ മാസം 20 മുതല്‍ 23 വരെ അല്‍ഖൂസ് ആര്‍ട്ട് ഗാലറിയില്‍ നമ്പൂതിരിയുടെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകുമെന്ന് ജേക്കബ് ജോര്‍ജ് അറിയിച്ചു. 20 ലേറെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടാവുക. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ വലിയ പെയിന്‍റിങ്ങും താന്‍ വരച്ചിട്ടുണ്ടെന്നും ഇത് അദ്ദേഹത്തിന് നേരില്‍ ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നതായും നമ്പൂതിരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.